ചൈനയിലെ വൈറസ് വ്യാപനം; സമ്പദ്‌വ്യവസ്ഥയെയും വിപണിയെയും ബാധിക്കാൻ പോകുന്നത് എങ്ങനെ?

 

ചൈനയിൽ പുതിയ വൈറസ് പൊട്ടിപ്പുറപ്പെട്ട വാർത്ത ലോക ധനകാര്യ വിപണികളിൽ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്, 2003-ൽ എസ്.എ.ആർ.എസ് ( SARS-സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം) പൊട്ടിപുറപ്പെട്ടതുമായി താരതമ്യപ്പെടുത്തിയാണ് നിക്ഷേപകർ വൈറസ് വ്യാപനം മൂലം ഉണ്ടാവാൻ സാദ്ധ്യത ഉള്ള സാമ്പത്തിക പ്രത്യാഘാതം വിലയിരുത്തുന്നത്.

സാമ്പത്തിക വിദഗ്ധരായ വിക്ടോറിയ ഫാൻ, ഡീൻ ജാമിസൺ, ലോറൻസ് സമ്മേഴ്‌സ് എന്നിവരുടെ 2017- ലെ ഒരു പ്രബന്ധം പകര്‍ച്ചവ്യാധിയെ തുടർന്ന് ഉണ്ടാകുന്ന വാർഷിക നഷ്ടം ഏകദേശം 500 ബില്യൺ ഡോളറാണെന്ന് കണക്കാക്കുന്നു, പ്രതിവർഷം ആഗോള വരുമാനത്തിന്റെ 0.6 ശതമാനം. വരുമാന നഷ്ടവും ഉയർന്ന മരണനിരക്ക് കൊണ്ട് ഉണ്ടാവുന്ന സ്വാഭാവികമായ ചെലവും കണക്കാക്കിയാണ് ഇത് മനസിലാക്കുന്നത്.

ഗ്ലോബൽ ഹെൽത്ത് റിസ്ക് ഫ്രെയിംവർക്ക് ഫോർ ഫ്യൂച്ചർ കമ്മീഷൻ നടത്തിയ 2016 ലെ മറ്റൊരു പഠനം, പകര്‍ച്ചവ്യാധികൾ 21-ാം നൂറ്റാണ്ടിൽ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് 6 ട്രില്യൺ ഡോളർ നഷ്ടമുണ്ടാക്കുമെന്ന്‌ കണക്കാക്കുന്നു, പ്രതിവർഷം 60 ബില്യൺ ഡോളറിലധികം. ആഗോള സ്റ്റോക്ക് സൂചികകളിലും ആഗോള സമ്പദ്‌വ്യവസ്ഥയിലും ഒരൊറ്റ ഘടകത്തിന്റെ സ്വാധീനം വേർതിരിക്കുന്നത് ദുര്‍ഘടമായ ദൗത്യമാണ്: സാമ്പത്തിക ഡാറ്റ, കമ്പനികളുടെ പ്രകടനം, ജിയോപൊളിറ്റിക്കൽ (ഭൂരാഷ്‌ട്രതന്ത്രം- ആഗോള രാഷ്ട്രീയം) മാറ്റങ്ങൾ തുടങ്ങി ഒരേസമയം ഉണ്ടാകുന്ന നിരവധി ഘടകങ്ങൾ ഇതിനെ ബാധിക്കുന്നു. ഉദാഹരണത്തിന്, എസ്‌.എ.ആർ.എസ്‌ പൊട്ടിപ്പുറപ്പെടുന്നതിനിടയിൽ, ഇറാഖിലെ യുഎസ് അധിനിവേശം വിപണിയിൽ തുല്യമായ അളവിൽ സ്വാധീനം ചെലുത്തിയിരുന്നു.

എന്നിരുന്നാലും, ഇത്തരം പകർച്ചവ്യാധികളുടെ ആഘാതം മൂലം വിപണികളിലെ നിരക്കിൽ ഉണ്ടാവുന്ന വ്യതിയാനങ്ങൾ പരിമിതമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എസ്.എ.ആർ.എസ് പൊട്ടിപ്പുറപ്പെട്ടതായി 2003- ൽ ലോകാരോഗ്യ സംഘടനയ്ക്ക് ചൈനീസ് അധികൃതർ റിപ്പോർട്ട് ചെയ്തതിന് ശേഷം എം‌എസ്‌സി‌ഐ ചൈന ഓഹരി സൂചിക ആഗോള സൂചികയിൽ നിന്ന് വേർപെട്ടു. എന്നാൽ ആറുമാസത്തിനുള്ളിൽ നഷ്ടം നികത്തി.

2003- ലെ എസ്.എ ആർ .എസ് മൂലം ഉണ്ടായ ആഗോള സാമ്പത്തിക നഷ്ടം 40 ബില്യൺ ഡോളറായി ജോങ്-വാ ലീയും വാർ‌വിക് മക്കിബിനും എഴുതിയ ഒരു പ്രബന്ധത്തിൽ കണക്കാക്കുന്നു.

പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ലോക മൊത്ത ആഭ്യന്തര ഉൽ‌പാദനത്തിൽ 0.1 ശതമാനം കുറവുണ്ടായതായി ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (ഐ‌എ‌ടി‌എ) 2006 മെയ് മാസത്തെ സാമ്പത്തിക വ്യവഹാരക്കുറിപ്പിൽ കണക്കാക്കി.

വൈറസ് പടർന്നുപിടിക്കുന്നത് മൊത്തത്തിൽ സമ്പദ്‌വ്യവസ്ഥക്ക് നഷ്ടം വരുത്തുമെങ്കിലും, മരുന്ന് കമ്പനികൾക്ക് ഗുണം ചെയ്യും, അതേസമയം ടൂറിസം, യാത്രയുമായി ബന്ധപ്പെട്ട ഓഹരികൾ – ഹോട്ടലുകൾ, എയർലൈൻസ്, ആഡംബര ഉപഭോക്തൃവസ്തുക്കൾ എന്നിവയ്ക്ക് ദോഷം ചെയ്യും.

എസ്.എ.ആർ.എസ് പൊട്ടിപ്പുറപ്പെട്ട സമയത്ത്, ഉപഭോക്തൃ ചെലവ് ഗണ്യമായി കുറഞ്ഞതായി ചൈനയിലെ റീട്ടെയിൽ വിൽപ്പന കണക്കുകൾ ചൂണ്ടിക്കാട്ടി.

ചൊവ്വാഴ്ച, ചൈനീസ് മരുന്ന് നിർമ്മാതാക്കളായ ജിയാങ്‌സു ബയോപെർഫെക്റ്റസ് ടെക്നോളജീസ് കോ ലിമിറ്റഡ്, ഷാൻ‌ഡോംഗ് ലുകാങ് ഫാർമസ്യൂട്ടിക്കൽ കോ ലിമിറ്റഡ്, ജിയാങ്‌സു ഹെൻ‌ഗ്രുയി മെഡിസിൻ കോ ലിമിറ്റഡ് എന്നിവ മൊത്തം വിപണിയിൽ ഏറ്റവും നേട്ടം ഉണ്ടാക്കിയവരിൽ ഉൾപ്പെടുന്നു. ഫെയ്‌സ്മാസ്ക് (മുഖം മൂടി)  നിർമ്മാതാക്കളായ ടിയാൻജിൻ ടെഡ കോ ലിമിറ്റഡ്, ഷാങ്ഹായ് ഡ്രാഗൺ കോർപ്പ് എന്നിവയും മികച്ച പ്രകടനം കാഴ്ചവെച്ചു.

വരാനിരിക്കുന്ന ചൈനീസ് അവധിക്കാല യാത്രികർക്കിടയിൽ വൈറസ് പൊട്ടിപ്പുറപ്പെട്ട വാർത്ത ആശങ്കയുണ്ടാക്കിയതിനാൽ ദീർഘദൂര ഫ്ലൈറ്റ് ഓപ്പറേറ്റർമാരായ എയർ ഫ്രാൻസ്, ലുഫ്താൻസ, ബ്രിട്ടീഷ് എയർവേയ്‌സ് ഉടമ ഐ‌എജി എന്നിവരുടെ ഓഹരികൾ പിന്നിലായി.

എൽ‌വി‌എം‌എച്ച്, കെറിംഗ്, ഹെർമിസ്, ബർബെറി എന്നിവ ഉൾപ്പെടെ ആഡംബര ഉത്പന്ന നിർമ്മാതാക്കൾക്കും നഷ്ടം സംഭവിച്ചതായി ചൈന വെളിപ്പെടുത്തി.

വൈറസ് വ്യാപനത്തിന്റെ ആരോഗ്യപരമായ ആഘാതം താരതമ്യേന പരിമിതമാണെങ്കിൽ പോലും സാമ്പത്തിക പ്രത്യാഘാതങ്ങൾ പെട്ടെന്ന് വലുതാകുമെന്ന് ഡേവിഡ് ബ്ലൂം, ഡാനിയൽ കാഡററ്റ്, ജെ പി സെവില്ല എന്നിവരുടെ ഒരു ഐ‌എം‌എഫ് പ്രബന്ധത്തിൽ പറയുന്നു. 2014 ലെ എബോള പൊട്ടിപ്പുറപ്പെട്ട സമയത്ത് ലൈബീരിയയുടെ കാര്യം പ്രബന്ധത്തിൽ ഉദ്ധരിക്കുന്നുണ്ട്, രാജ്യത്തിന്റെ മൊത്തത്തിലുള്ള മരണനിരക്ക് അതേ കാലയളവിൽ കുറഞ്ഞിട്ടും ജിഡിപി വളർച്ച കുറയുകയാണ് ഉണ്ടായത്.

“എസ്.എ.ആർ.എസിനെ കുറിച്ച് ആളുകളെ ഭയപ്പെടുത്തുന്നത് മരണനിരക്കാണ്,” ഐ‌എൻ‌ജി ഏഷ്യ പസഫിക്കിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞൻ റോബർട്ട് കാർനെൽ കക്ഷികൾക്ക് നൽകിയ കുറിപ്പിൽ പറഞ്ഞു.

“ആളുകൾ പൊതുഗതാഗതം ഉപയോഗിച്ചില്ല , ജോലിക്ക് പോയില്ല, കടകൾ, റെസ്റ്റോറന്റുകൾ, സിനിമാശാലകൾ, കോൺഫറൻസുകൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. രോഗത്തിൽ നിന്നുള്ള ആഘാതം സമ്പദ്‌വ്യവസ്ഥയിൽ വൻതോതിൽ ബാധിച്ചെങ്കിലും മിക്കവാറും എല്ലാം പരോക്ഷമായിരുന്നു ജനസംഖ്യയുടെ പകർച്ചവ്യാധിയോടുള്ള മുൻകരുതൽ പെരുമാറ്റം കാരണം ആണ് ഇങ്ങനെ സംഭവിച്ചത്. ”

 

 

കടപ്പാട്: ഇന്ത്യൻ എക്സ്പ്രസ്സ്