ജനാധിപത്യവിരുദ്ധമായ സമൂഹ ശരീരവും ഭരണഘടന എന്ന ഉടയാടയും

 

സനൽ ഹരിദാസ്

“ജനാധിപത്യം ഒരു ഭരണരീതി മാത്രമല്ല അതൊരു ജീവിതശൈലിയാണ്. സത്യസന്ധതയോട് കൂറില്ലാത്ത ഒരു സമൂഹത്തിൽ ഭരണഘടനയ്ക്ക് പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല. അത്തരം സമൂഹങ്ങളിൽ ജനാധിപത്യം ദീർഘനാൾ പുലരുകയുമില്ല”

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മാതൃഭൂമി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ജസ്റ്റിസ് ജെ.ചെലമേശ്വർ നടത്തിയ നിരീക്ഷണമാണ് ഇത്. വർത്തമാനകാല ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ സംബന്ധിച്ച് അടുത്തിടെ ഉണ്ടായതിൽ വെച്ച് ഏറ്റവും സൂക്ഷ്മവും സത്യസന്ധവുമായ അഭിപ്രായപ്രകടനം ആയി ചെലമേശ്വറിന്റെ വാക്കുകളെ പരിഗണിക്കാവുന്നതാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പരമാധികാര രാജ്യങ്ങളിലൊന്നായ ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ രാജ്യത്തിന്റെ ഭരണഘടനയാണ്. ഭരണഘടനാപരമായ വിലയിരുത്തലുകളുടെ ഫലമായാണ് ഭാരതം ഒരു ജനാധിപത്യ രാജ്യം എന്ന നിലയിൽ പരക്കെ അംഗീകരിക്കപ്പെടുന്നത്. എന്നാൽ ഭരണഘടനയിൽ ഉൾച്ചേർന്നിരിക്കുന്ന മൂല്യങ്ങളെ സ്വായത്തമാക്കാൻ മാറിമാറി ഭരിച്ച ഭരണകൂടങ്ങൾക്കോ ജനങ്ങൾക്കു തന്നെയോ ഇക്കാലം വരെ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.
രാജഭരണവും നാടുവാഴിത്തവും ജാതി വിവേചനവും പിന്നീടുള്ള കോളനി ഭരണവും നിർമ്മിച്ചെടുത്ത സാമൂഹിക ബോധത്തിൽ വാർത്തെടുക്കപ്പെട്ട ജനസാമാന്യത്തിന്റെ മുമ്പിൽ അധികാര കൈമാറ്റത്തിന് ശേഷം ( സ്വാതന്ത്ര്യത്തിനു ശേഷം) അവതരിപ്പിക്കപ്പെട്ട ഒന്നാണ് ഭരണഘടന. ആയിരക്കണക്കിന് വർഷങ്ങളായി തുടർന്നു വന്ന ചൂഷണാധിഷ്ഠിതമായ സാമൂഹിക സംവിധാനത്തിൽ നിന്ന് ഇന്ത്യൻ ഭരണഘടനയുടെ ജനാധിപത്യ മൂല്യ-ഭരണ സംവിധാനങ്ങളിലേക്ക് ചുവടുമാറുക എന്നത് സ്വാഭാവികമായും വളരെ ശ്രമകരമായിരുന്നിരിക്കാമെന്ന് ഇന്നു നാം തിരിച്ചറിയുന്നുണ്ട്. ഭരണകൂടത്തിന്റെയും അതിന്റെ മറ്റെല്ലാ സംവിധാനങ്ങളുടെയും കാര്യക്ഷമമായ ശ്രമങ്ങളിലൂടെ മാത്രം സാധിക്കുന്ന ഒന്നായിരുന്നു ഭരണഘടനാ മൂല്യങ്ങളുടെ സാമൂഹിക വിതരണം. എന്നാൽ ഇന്നോളം ഉണ്ടായ ഭരണകൂടങ്ങൾ അധികാരം നിലനിർത്തുക എന്നതാണ് പ്രധാന ലക്ഷ്യമായി കണ്ടത്. നരേന്ദ്രമോദിക്കും സംഘപരിവാറിനും പുറകിൽ നിലയുറപ്പിക്കുന്ന മനുഷ്യ സമുദ്രം ഈ വസ്തുതയെ ശരിവെയ്ക്കുന്നതാണ്. മതഭ്രാന്തിനേയും ഭാരതീയ ഭൂതകാലത്തെ പ്രതിയുള്ള അമിതാഭിമാനത്തെയും മുൻനിർത്തി ഒരു രാഷ്ട്രീയ സംഘടന രാജ്യം ഭരിക്കുന്ന സ്ഥിതി ജനസാമാന്യത്തിന്റെ തന്നെ ജനാധിപത്യവിരുദ്ധ മനോനിലയുടെ സുവ്യക്തമായ തെളിവാണ്. ഭരണഘടനയുടെ ആമുഖം സ്കൂൾ അസംബ്ലികളിൽ നിർബന്ധമായി വായിച്ചു കേൾപ്പിക്കേണ്ടതുണ്ടെന്ന കേരള സർക്കാരിന്റെ നിലപാട് ഈ അവസരത്തിൽ എടുത്തുപറയേണ്ടതും അഭിനന്ദിക്കേണ്ടതുമാണ്.

ജനാധിപത്യത്തെ സംബന്ധിച്ചുള്ള പ്രാഥമികമായ ധാരണകളിൽ തന്നെ പൊരുത്തക്കേടുകൾ കാണാൻ കഴിയും. ഭരണകൂടത്തിന്റെ ഭൂരിപക്ഷ താത്പര്യപ്രകാരമുള്ള തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ മുഖമുദ്രയായി കരുതപ്പെടുന്നത്. ജനാധിപത്യത്തിനെ സംബന്ധിച്ചുള്ള നമ്മുടെ നിർവചനം പോലും ഈ നിലയിൽ തെറ്റുദ്ധാരണാജനകമാണ്. ” ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കുന്നതാണ് ജനാധിപത്യം” എന്ന നിർവചനം സത്യത്തിൽ ജനാധിപത്യത്തെ ന്യൂനീകരിക്കുകയാണ്. ഭരണപരമായ ജനാധിപത്യ ഘടന ജനാധിപത്യ നിർവചനത്തിന്റെ കാതലായി മാറുന്നത് തീർത്തും അസംബന്ധമാണ്. നമ്മുടെ ജനാധിപത്യം നിർവചനം ശരിവെയ്ക്കുകയാണെങ്കിൽ ഇന്ത്യ നിലവിൽ ഒരു സമ്പൂർണ ജനാധിപത്യ രാജ്യം തന്നെയാണ്. ഭരണഘടനാപരമായ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടമാണ് ഇവിടെ നിലവിലുള്ളത്. ജനാധിപത്യം ഒരു ജീവിതശൈലി ആണെന്ന ജസ്റ്റിസ് ചെലമേശ്വറിന്റെ വാക്കുകളെ പരിഗണിച്ചാൽ ഇന്ത്യ തീർത്തും ജനാധിപത്യവിരുദ്ധമായ ഒരിടമാണെന്ന നിഗമനത്തിൽ നിർഭാഗ്യവശാൽ എത്തിച്ചേരേണ്ടിവരും. ഭരണകൂടം ജനങ്ങളോട്, പണം ഉള്ളവൻ ഇല്ലാത്തവനോട്, അച്ഛനമ്മമാർ മക്കളോട്, തൊഴിലുടമ തൊഴിലാളിയോട്, അധ്യാപകൻ വിദ്യാർത്ഥികളോട്, ഉന്നത ഉദ്യോഗസ്ഥൻ കീഴുദ്യോഗസ്ഥനോട്, പൊതുബോധം കറുത്തവനോട്, പുരുഷൻ സ്ത്രീകളോട്, സവർണ്ണൻ അവർണ്ണനോട്, പ്രായത്തിൽ മുതിർന്നവർ ഇളയവരോട്, ശക്തി കൂടിയവർ കുറഞ്ഞവരോട്, ഭൂരിപക്ഷം ന്യൂനപക്ഷത്തോട്, എന്നു തുടങ്ങി സമസ്ത മേഖലകളിലും ജനാധിപത്യവിരുദ്ധമായ ആധിപത്യം ഇന്നും തുടരുന്ന രാജ്യമാണ് ഇന്ത്യ. മേൽപ്പറഞ്ഞവയെല്ലാം സ്വാഭാവിക സാമൂഹിക നിയമങ്ങളായി കണക്കാക്കപ്പെടുന്ന രാജ്യത്ത് ഭരണകൂടങ്ങൾ എത്ര മാറി മറിഞ്ഞാലും ജനാധിപത്യമോ തുല്യതയോ സ്ഥാപിക്കപ്പെടില്ല. അതുകൊണ്ടു തന്നെ നിലവിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ ബി ജെ പി ഭരണം അട്ടിമറിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തിൽ നിന്ന് വിപുലപ്പെടേണ്ടതുണ്ട്. രാജ്യത്തെ ജനാധിപത്യവത്കരിക്കാനുള്ള പുതിയകാല നീതി ബോധത്തിന്റെ പോരാട്ടങ്ങൾ എന്ന നിലയിൽ അവ വളർന്നാൽ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ സ്ഥാപനത്തിലേക്ക് വിദൂരമായെങ്കിലും ചെന്നെത്താൻ നമുക്ക് കഴിയും.