പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി; സോഷ്യൽ മീഡിയ താരം ‘അമ്പിളി’ എന്ന വിഘ്‌നേഷ് കൃഷ്ണ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ സോഷ്യൽ മീഡിയ താരം ‘അമ്പിളി’ എന്ന വിഘ്‌നേഷ് കൃഷ്ണ (24) അറസ്റ്റിൽ. കുമ്പളങ്ങാട് സ്വദേശി പള്ളിയത്ത് പറമ്പിൽ വിഘ്‌നേഷ് കൃഷ്ണയെയാണ് വടക്കാഞ്ചേരി പൊലീസ് തമിഴ്നാട്ടിലെ സേലത്തുനിന്ന് പിടികൂടിയത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടക്കാഞ്ചേരി ഇൻസ്‌പെക്ടർ അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ചെറുതുരുത്തി സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. പ്രതി സേലത്ത് ഒളിവിൽ കഴിയുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ സംഘം അവിടെയെത്തി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ വിഘ്‌നേഷിനെ റിമാൻഡ് ചെയ്തു.
വിഘ്‌നേഷ് കൃഷ്ണ നേരത്തെ ടിക് ടോക് വീഡിയോകളിലൂടെയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. ‘അമ്പിളി’ എന്ന പേരിലായിരുന്നു വീഡിയോകൾ പങ്കുവെച്ചിരുന്നത്. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലും ഇയാൾക്ക് നിരവധി ഫോളോവേഴ്സ് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
2021ലും പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ വിഘ്‌നേഷ് കൃഷ്ണ അറസ്റ്റിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. അന്ന് വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. പുതിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.
‘ഇരുപതിൽ കണ്ടുമുട്ടി, മുപ്പതിൽ വിവാഹിതരായി’; നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി
‘മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ തടവിൽ, ഞാൻ പോരാടുന്നത് വലിയ മാഫിയയ്ക്കെതിരെ’; സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സനൽകുമാർ ശശിധരൻ