വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത, അണക്കെട്ടുകളിൽ 62% വെള്ളം മാത്രം
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പുറത്ത് നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതോടെ ഇന്നലെ രാത്രിയും നിയന്ത്രണം ശക്തമാക്കി. പ്രതിസന്ധി നേരിടാൻ ജലവൈദ്യുതി ഉൽപാദനം വർധിപ്പിച്ച കെഎസ്ഇബി, വിവിധ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ വൈദ്യുതി എത്തിക്കാനുള്ള ശ്രമവും തുടരുകയാണ്. ഇന്ന് മുംബൈ ന്യൂക്ലിയർ പവർ കോർപ്പറേഷൻ മേധാവിയുമായി കെഎസ്ഇബി ചെയർമാൻ ചർച്ച നടത്തും. പ്രതിസന്ധിക്ക് ഉടൻ അയവുണ്ടാകില്ലെന്നും ചർച്ചകൾ തുടരുകയാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടും സംസ്ഥാനത്തെ ഉപയോഗം ഇന്നലെ ഉയർന്നു. 95.81 ദശലക്ഷം യൂണിറ്റാണ് ആകെ ഉപയോഗിച്ചത്. ജലവൈദ്യുതി ഉൽപാദനം 24.76 ദശലക്ഷം യൂണിറ്റായി ഉയർത്തി. അതേസമയം, അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുകയാണ്. സംഭരണശേഷിയുടെ 62 ശതമാനം വെള്ളം മാത്രമാണ് നിലവിലുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 78 ശതമാനമായിരുന്നു.
രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത ഉയർന്നതോടെ തത്സമയ വിപണിയിൽനിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കുന്നില്ലെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. അധികമായി 150 മെഗാവാട്ടിന്റെ കേന്ദ്രവിഹിതം മാത്രമാണ് ഉറപ്പാക്കാനായത്. സംസ്ഥാനത്ത് ഇന്നലെ ഏകദേശം 900 മെഗാവാട്ടിന്റെ കുറവുണ്ടായി. പ്രതീക്ഷിച്ച 521 ദശലക്ഷം യൂണിറ്റിന് പകരം ഈ മാസം ഇതുവരെ 228 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം മാത്രമാണ് നീരൊഴുക്കായി ലഭിച്ചത്.
പുറത്തുനിന്ന് കൂടുതൽ വൈദ്യുതി എത്തിക്കാനായില്ലെങ്കിൽ ഇന്നും നിയന്ത്രണം തുടരാൻ സാധ്യതയുണ്ട്. ഗ്രിഡ് ഫ്രീക്വൻസി കുറഞ്ഞതിനെ തുടർന്ന് പല പ്രദേശങ്ങളിലും ലോഡ് ഷെഡ്ഡിങ്ങിന് പുറമെയും വൈദ്യുതി മുടങ്ങി. അണക്കെട്ടുകളിലെ ജലശേഖരം കുറയുന്നത് വരും വേനലിൽ പ്രതിസന്ധി രൂക്ഷമാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. ഫ്യൂസ് ഊരുന്നതുൾപ്പെടെയുള്ള വൈദ്യുതി തടസ്സപ്പെടുത്തൽ സാമൂഹികവിരുദ്ധർ മനഃപൂർവം നടത്തുന്നതാണെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും
പാർട്ടി വിട്ടുപോയവരെ സിപിഎമ്മിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് എംഎ ബേബി; പാർട്ടിക്കെതിരായി മത്സരിക്കാൻ പോയവരുടെ കാര്യം വ്യത്യസ്തം