കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; കുട്ടികള്‍ക്ക് ഇളവ് നല്‍കി അബുദാബി

മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് വരാനും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അടുത്തിടെ ഉത്തരവായിരുന്നു. 48 മണിക്കൂര്‍ മുമ്പ് പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കൂ. എന്നാല്‍ ഇക്കാര്യത്തില്‍ കുട്ടികള്‍ക്ക് ഇളവ് നല്‍കിയിരിക്കുകയാണ് അബുദാബി.

12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അബുദാബിയിലേക്ക് വരാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് ദേശീയ അത്യാഹിത, ദുരന്തനിവാരണ സമിതി അറിയിച്ചു. അവശ്യസേവന വിഭാഗങ്ങള്‍, ചരക്കു വാഹനങ്ങള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, അര്‍ബുദ ചികിത്സയ്ക്കായി അബുദാബിയിലേക്ക് വരുന്നവര്‍ക്കും ഉത്തരവില്‍ ഇളവുണ്ട്.

ജോലിയും താമസവും വ്യത്യസ്ത എമിറേറ്റിലുള്ളവരാണെങ്കിലും അബുദാബിയിലേക്ക് പ്രവേശിക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ജോലിയും താമസവും വ്യത്യസ്ത എമിറേറ്റിലുള്ളവരെ ഈ തീരുമാനം ഏറെ പ്രയാസത്തിലാക്കിയിരിക്കുകയാണ്.