വന്ദേഭാരത് മിഷന്‍; ഒമ്പത് വിമാനത്തിന്‍റെ ടിക്കറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റു തീര്‍ന്നു

വന്ദേഭാരത് മിഷന്‍ വഴി ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് പുതുതായി പ്രഖ്യാപിച്ച ഒമ്പത് വിമാനത്തിന്‍റെ ടിക്കറ്റ് വിറ്റു തീര്‍ന്നത് 15 മിനിറ്റിനുള്ളില്‍. ജൂലൈ എട്ട് മുതല്‍ 14 വരെയുള്ള വിമാനങ്ങളുടെ ടിക്കറ്റാണ് ഞൊടിയിടയില്‍ വിറ്റു തീര്‍ന്നത്. ഒമ്പതില്‍ മൂന്ന് വിമാനം ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്കാണ്. 10-ന് തിരുവനന്തപുരം, 11-ന് കൊച്ചി, 14-ന് തിരുവനന്തപുരം എന്നിവയാണ് കേരളത്തിലേക്കുള്ള വിമാനങ്ങള്‍.

വെള്ളിയാഴ്ചയാണ് ഷാര്‍ജയില്‍ നിന്നുള്ള ഒമ്പത് വിമാനത്തിന്‍റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്. വന്ദേഭാരത് മിഷന്‍ നിരക്കില്‍ എയര്‍ ഇന്ത്യയുടെ സൈറ്റ് വഴിയും ട്രാവല്‍ ഏജന്റുമാര്‍ വഴിയും ടിക്കറ്റെടുക്കാമെന്നും അറിയിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാല് മുതല്‍ ടിക്കറ്റ് വില്‍പന തുടങ്ങി മിനിറ്റുകള്‍ കഴിഞ്ഞ് സൈറ്റില്‍ കയറിയവര്‍ക്ക് പോലും “സോള്‍ഡ് ഔട്ട്” എന്നാണ് കാണാന്‍ കഴിഞ്ഞത്.

ആദ്യഘട്ടത്തില്‍ ജൂലൈ മൂന്ന് മുതല്‍ 14 വരെയുള്ള 33 വിമാനത്തിന്‍റെ പട്ടിക പുറത്തുവിട്ടിരുന്നു. ഈ വിമാനങ്ങളുടെ ടിക്കറ്റും ബുക്കിംഗ് ദിവസം തന്നെ വിറ്റ് തീര്‍ന്നിരുന്നു. എന്നാല്‍, ഈ പട്ടികയില്‍ ഷാര്‍ജയില്‍ നിന്നുള്ള വിമാനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.