വന്ദേഭാരത് മിഷന്‍; ഏഴ് സര്‍വീസുകള്‍ റദ്ദാക്കി

വന്ദേഭാരത് മിഷന്റെ അഞ്ചാംഘട്ടത്തില്‍ ഖത്തറില്‍ നിന്ന് പ്രഖ്യാപിച്ചിരുന്ന ഏഴ് സര്‍വീസുകള്‍ റദ്ദാക്കി. ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാരുടെ കുറവാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണം.

എയര്‍ ഇന്ത്യയുടെ അഞ്ചും ഇന്‍ഡിഗോയുടെ രണ്ടും സര്‍വീസുകള്‍ ആണ് റദ്ദാക്കിയത്. ഇന്നത്തെ മംഗളുരു, ഈ മാസം അഞ്ചിന് പോകേണ്ട ഹൈദരാബാദ്, ആറിനുള്ള ബെംഗളുരു, ഏഴിനുള്ള ചെന്നൈ, ഒന്‍പതിനുള്ള ഡല്‍ഹി എന്നിങ്ങനെയാണ് റദ്ദാക്കിയ എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍.

ഇന്‍ഡിഗോയുടെ ഇന്നത്തെ ചെന്നൈ,  ഈ മാസം നാലിനുള്ള ലക്നൗ സര്‍വീസുകളുമാണ് റദ്ദാക്കിയത്. ഈ വിമാനങ്ങളില്‍ മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ തുടര്‍സഹായത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു.

കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കഴിയുന്ന ഖത്തര്‍ പ്രവാസികളുടെ മടങ്ങിവരവിനുള്ള “എക്സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റി”നുള്ള അപേക്ഷകള്‍ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചു തുടങ്ങി. https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തര്‍ പോര്‍ട്ടല്‍ വെബ്സൈറ്റില്‍ പ്രവേശിച്ച് പെര്‍മിറ്റിനായി അപേക്ഷിക്കാം.