ഖത്തറില്‍ മലയാളി ബാലിക സ്‌കൂൾ ബസിനുള്ളിൽ മരിച്ച സംഭവം; ഉടൻ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ഖത്തറിൽ നാല് വയസുകാരി സ്‍കൂൾ ബസിനുള്ളിൽ കുടുങ്ങി മരണപ്പെട്ട സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രാലയവും മറ്റ് വകുപ്പുകളും അന്വേഷണം തുടങ്ങി. സംഭവത്തിൽ നടപടിയുണ്ടാകുമെന്നും അന്വേഷണം പൂർത്തിയായ ശേഷം സംഭവത്തിന് ഉത്തരവാദികൾക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കുട്ടികൾക്കായി ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിക്കുന്നതെന്നും അക്കാര്യത്തിൽ ഒരു വീഴ്ചയും അംഗീകരിക്കാനാവില്ലെന്നും ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്‍തു. കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രസ്‍താവനയിലുണ്ട്.

ദോഹ അൽ വക്റയിലെ സ്‍പ്രിങ് ഫീൽഡ് കിന്റർഗാർച്ചൻ കെ.ജി 1 വിദ്യാർത്ഥിനിയായിരുന്ന കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെ മകൾ മിൻസ മറിയം ജേക്കബ് ആണ് ഞായറാഴ്ച മരിച്ചത്.

കുട്ടിയുടെ നാലാം പിറന്നാളായിരുന്ന ഞാറാഴ്ച്ച രാവിലെ സ്കൂളിലേയ്ക്ക്  പോയ കുട്ടി ബസിനുള്ളിൽ ഉറങ്ങിപ്പോവുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെടാതെ ജീവനക്കാർ വാഹനം ലോക്ക് ചെയ്ത് പോകുകയായിരുന്നു. ഉച്ചയ്ക്ക് കുട്ടികളെ തിരികെ കൊണ്ടുപോകാൻ ബസ് എടുക്കാനെത്തിയപ്പോഴാണ് അവശനിലയിൽ  കുട്ടിയെ കാണുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.