ബ്രോഡ്ബാൻഡ് വേഗത്തിൽ മുന്നേറ്റവുമായി കുവൈറ്റ്

ബ്രോഡ്ബാൻഡ് വേഗത്തിൽ അറബ് മേഖലയിൽ മുന്നേറ്റം നടത്തി കുവൈത്ത്. ബ്രിട്ടൻ ആസ്ഥാനമായ കേബിൾ വെബ്‌സൈറ്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ബ്രോഡ്ബാൻഡ് വേഗതയിൽ 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കുവൈറ്റ് എൺപത്തിരണ്ടാം സ്ഥാനത്തെത്തി. ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ കുവൈറ്റ് തുടർച്ചയായാണ് ആഗോള റാങ്കിങ് സൂചിക ഉയർത്തുന്നത്. 19അറബ് രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ മൊബൈൽ ഇന്റർനെറ്റ് വേഗതയിലും ബ്രോഡ്ബാൻഡ് വേഗതയിലും കുവൈത്തിനാണ് ഒന്നാം സ്ഥാനം.

അറബ് ലോകത്ത് ഖത്തർ രണ്ടാം സ്ഥാനം നിലനിർത്തിയെങ്കിലും ആഗോളതലത്തിൽ 78ൽനിന്ന് 95ലേക്ക് താഴ്ന്നു. കഴിഞ്ഞ വർഷം 73ാം സ്ഥാനത്തായിരുന്ന യു.എ.ഇ ആഗോള റാങ്കിങിൽ 100ാം സ്ഥാനത്തേക്കും സൗദി അറേബ്യ 99ൽ നിന്ന് 101ാം സ്ഥാനത്തേക്കും ബഹ്റൈൻ 104ൽനിന്ന് 111ാം സ്ഥാനത്തേക്കും താഴ്ന്നു. അഞ്ച് ജിബിയുടെ ഹൈ-ഡെഫനിഷൻ മൂവി ഡൗൺലോഡ് ചെയ്തുകൊണ്ടാണ് ശരാശരി ഇന്റർനെറ്റ് വേഗത കണക്കാക്കുന്നത്.

ആഗോളതലത്തിൽ ഇന്റർനെറ്റ് വേഗതയിൽ ഗുണപരമായ പുരോഗതിയാണ് ഈ വർഷം രേഖപ്പെടുത്തിയത്. ലോകത്തെ ശരാശരി മൊബൈൽ ഇന്റർനെറ്റ് ഡൗൺലോഡ് വേഗം 34.79 എംബിപിഎസായി വർദ്ധിച്ചതായി കേബിൾ പുറത്ത് വിട്ട കണക്കുകൾ ചൂണ്ടിക്കാട്ടി. സെക്കൻഡിൽ ശരാശരി 262.74 മെഗാബൈറ്റ് ഇന്റർനെറ്റ് വേഗതയുമായി മക്കാവാണ് ആഗോള പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

രണ്ടാം സ്ഥാനത്ത് യുറോപ്യൻ രാജ്യമായ ജേഴ്സിയാണ് ( 256.59 മെഗാബൈറ്റ് ). ഐസ്ലാൻഡ് (216.56 മെഗാബൈറ്റ്), ലിച്ചെൻസ്റ്റീൻ (216 മെഗാബൈറ്റ്), ജിബ്രാൾട്ടർ (159.90 മെഗാബൈറ്റ്) എന്നീ രാജ്യങ്ങളാണ് ഇന്റർനെറ്റ് വേഗത്തിൽ തൊട്ടടുത്ത സ്ഥാനങ്ങളിൽ. 220 രാജ്യങ്ങളുള്ള പട്ടികയിൽ 0.97 മെഗാബൈറ്റ് വേഗതയുള്ള യമനാണ് ഏറ്റവും അവസാന സ്ഥാനത്തുള്ളത്.