വന്‍ അവസരങ്ങളുമായി 'ദുബായ് നെക്സ്റ്റ്; വിദേശികള്‍ക്കും പങ്കാളികളാകാം

ദുബായ് എക്‌സ്‌പോയ്ക്ക് പിന്നാലെ വമ്പന്‍ അവസരങ്ങളുമായി ‘ദുബായ് നെക്സ്റ്റ്’ പദ്ധതിയ്ക്ക് കുറിച്ചു. മികച്ച ആശയങ്ങളുള്ളവര്‍ക്ക് ക്രൗഡ് ഫണ്ടിങ്ങിലൂടെ മൂലധനം സമാഹരിക്കാന്‍ കഴിയുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. 12 വയസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള വിദേശികള്‍ക്കും പദ്ധതിയില്‍ പങ്കാളികളാകാന്‍ സാധിക്കും. എക്‌സ്‌പോയിലൂടെ ശ്രദ്ധേയമായ പുതിയ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള സംരംഭങ്ങള്‍ക്ക് സാധ്യതകള്‍ ഏറെയാണ്.

പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനായി പൊതുജനങ്ങളില്‍ നിന്ന് പണം പണം സ്വരൂപിക്കാന്‍ ക്രൗഡ് ഫണ്ടിങ് സംവിധാനമുണ്ട്. ഇതിന് പുറമേ സാങ്കേതിക അറിവുകള്‍, മാര്‍ഗനിര്‍ദ്ദേശം എന്നിവയും പോര്‍ട്ടലില്‍ നിന്ന് ലഭിക്കും. www.dubainext.ae എന്ന വെബ്‌സൈറ്റില്‍ നിന്ന് വിശദാംശങ്ങള്‍ ലഭിക്കുന്നതാണ്.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. ഒരു വര്‍ഷത്തില്‍ തന്നെ 1570 ആശയങ്ങളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ 62 എണ്ണം അംഗീകാരം നേടി പ്രവര്‍ത്തനം ആരംഭിച്ചു. 398 പേരാണ് മൂലധന നിക്ഷേപം നടത്തിയത്.

മികച്ച വിദ്യാഭ്യാസം നേടിയ യുവതലമുറയ്ക്ക് സ്വന്തം നിലയ്ക്കു സംരംഭങ്ങള്‍ ആരംഭിക്കാനും, അതിനായി എല്ലാ സഹായവും മാര്‍ഗനിര്‍ദ്ദേശങ്ങളും ലഭിക്കാനും പദ്ധതി സഹായകമായി എന്ന് ദുബായ് എസ്എംഇ സിഇഒ അബ്ദുല്‍ ബാസിത് അല്‍ ജനാഹി വ്യക്തമാക്കി.

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് പദ്ധതി. ഇന്ത്യയടക്കം 27 രാജ്യങ്ങളില്‍നിന്നുള്ള 85 സ്റ്റാര്‍ട്ടപ്പുകളും ചെറുകിട സംരംഭങ്ങളും വര്‍ഷവസാനത്തോടെ പ്രവര്‍ത്തനം തുടങ്ങും. തഴില്‍ സാധ്യതകളും ഇതോടൊപ്പം വര്‍ദ്ധിക്കും.

അപേക്ഷിക്കേണ്ട മാനദണ്ഡങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതികരംഗം, ആരോഗ്യം, ഭക്ഷണം, വിദ്യാഭ്യാസം, വ്യവസായം, കലകള്‍, ചലച്ചിത്രം, സ്‌പോര്‍ട്‌സ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലെ ആശയങ്ങളുമായി സമീപിക്കാവുന്നതാണ്. ഇത് രാജ്യാന്തര ശ്രദ്ധയില്‍ പെടുത്തുകയും മൂലധന സമാഹരണത്തിന് അവസരമൊരുക്കുകയും ചെയ്യും. അതോടൊപ്പം സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായവും ഉണ്ടാകും.

പദ്ധതിയുടെ സമഗ്ര രൂപരേഖ ആവശ്യമാണ്. സാമ്പത്തിക ഇടപാടുകള്‍ സുതാര്യമായിരിക്കും. ആശയം സംരംഭമായി മാറായില്ലെങ്കില്‍ മുടക്കിയ പണം തിരികെ ലഭിക്കും.