നാസയ്ക്കായി ദശാബ്ദത്തിലെ ഏറ്റവും വലിയ തുക നീക്കി വെയ്ക്കാനൊരുങ്ങി യു.എസ്

നാസയ്ക്കായി ദശാബ്ദത്തിലെ ഏറ്റവും വലിയ തുക നീക്കി വെയ്ക്കാനൊരുങ്ങി യു.എസ്.ഇതിന്റെ ഭാഗമായി 2021- ല്‍ നാസയ്ക്ക് വേണ്ടി 2520 കോടി ഡോളര്‍ മാറ്റിവെയ്ക്കുവാന്‍ വൈറ്റ് ഹൗസ് യു.എസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ എത്തിക്കുക, ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുക തുടങ്ങിയ ദൗത്യങ്ങള്‍ നടപ്പാക്കുന്നതിനു വേണ്ടിയാണ് ഡൊണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം.

ഇതോടെ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തിലേക്കുള്ള നാസയുടെ ബജറ്റില്‍ 12 ശതമാനം വര്‍ദ്ധനയുണ്ടാകും. ഇതില്‍ പകുതിയോളം തുക ചന്ദ്ര, ചൊവ്വാ ദൗത്യങ്ങള്‍ക്ക് വേണ്ടിയായിരിക്കും ഉപയോഗിക്കും. ലൂണാര്‍ ലാന്‍ഡറുകള്‍, റോബോട്ടിക് റോവറുകള്‍ , വലിയ ഭാരം വഹിക്കുന്ന റോക്കറ്റുകള്‍ തുടങ്ങിലയവ നിര്‍മ്മിക്കുക, പുതിയ സ്പേസ് സ്യൂട്ടുകള്‍ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ ബജറ്റ് വിഹിതത്തിന് പിന്നിലുള്ളത്.

മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ നാസ തുടര്‍ന്നിങ്ങോട്ട് ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കുക എന്ന ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് 2024- ല്‍ മനുഷ്യനെ വീണ്ടും ചന്ദ്രനിലയക്കാനും അടുത്ത ദശാബ്ദത്തോടെ ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കാനുമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ട്രംപ് ഭരണകൂടം നാസയോട് ആവശ്യപ്പെട്ടത്.

1990- ന് ശേഷം ഇത്രയും വലിയ തുക നാസയ്ക്ക് വേണ്ടി നീക്കി വെയ്ക്കുന്നത് ആദ്യമായിട്ടാണ്. നാസ കോണ്‍ഗ്രസിന് അയച്ച ബ്ലൂപ്രിന്റ് അനുസരിച്ച് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നാസയുടെ മൂണ്‍ റ്റു മാര്‍സ് ദൗത്യത്തിനായി 7110 കോടി ഡോളര്‍ ചെലവ് വരും.

പദ്ധതിയ്ക്ക് വേണ്ടി വരുന്ന അഞ്ച് വര്‍ഷങ്ങളില്‍ ബജറ്റ് നിരക്ക് ഉയരുമെന്നും 2023- ല്‍ അത് 2830 കോടി ഡോളര്‍ എന്ന നിരക്കില്‍ എത്തുമെന്നും കണക്കാക്കുന്നു. ചൊവ്വയിലേക്ക് റോബോട്ടിക് യാത്രകള്‍ നടത്തുന്നതിന് 52.9 കോടി ഡോളറാണ് ചെലവ് വരുക.

അതേസമയം പ്രതിരോധത്തിനായി 2021 സാമ്പത്തികവര്‍ഷത്തേക്ക് 74000 കോടി ഡോളര്‍ ബജറ്റ് നീക്കിവെയ്ക്കാനാണ് ട്രംപ് ഭരണകൂടം നിര്‍ദേശിച്ചിരിക്കുന്നത്. അമേരിക്കന്‍ വ്യോമസേനയ്ക്ക് കീഴില്‍ ഡിസംബര്‍ 20- ന് തുടക്കമിട്ട യുഎസ് സ്പേസ് ഫോഴ്സിന് 1540 കോടി ഡോളര്‍ നീക്കി വെച്ചിട്ടുമുണ്ട്.