'നേപ്പാളിലെ ആദ്യത്തെ വനിത ജഡ്ജി സംസ്ഥാനത്തെ ആദ്യത്തെ വനിത പ്രധാനമന്ത്രി ആകുമ്പോൾ'; ആരാണ് സുശീല കർക്കി?

ജെൻ സി പ്രക്ഷോഭങ്ങൾക്കിടെ കെപി ശർമ നേപ്പാൾ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ് സുശീല കർക്കി നേപ്പാൾ പ്രധാനമന്ത്രിയായി അധികാരം ഏൽക്കുന്നത്. സുശീല കർക്കി നേപ്പാൾ ഇടക്കാല പ്രധാനമന്ത്രിയാവുമ്പോൾ വഴിമാറുന്നത് ചരിത്രമാണ്. രാജ്യത്തിന്റെ ആദ്യ വനിതാ ചീഫ് ജസ്‌റ്റിസ് ആദ്യ വനിതാ പ്രധാനമന്ത്രികൂടിയാവുന്നു എന്നതും ശ്രദ്ധേയമാണ്. അങ്ങനെയെങ്കിൽ ആരാണ് ഈ സുശീല കർക്കി.

ഇക്കഴിഞ്ഞ ദിവസമാണ് നേപ്പാളിനെ പിടിച്ചുകുലുക്കിയ സംഭവ വികാസങ്ങൾ അരങ്ങേറിയത്. സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ നേപ്പാളിൽ പ്രക്ഷോഭം ഉടലെടുത്തു. നേപ്പാൾ അശാന്തമായിരുന്നു. പ്രക്ഷോഭത്തെ തുടർന്ന്. 19 പ്രക്ഷോഭകരെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തി. തെരുവുകളിൽ യുവാക്കൾ അക്രമാസക്തരായി. പാർലമെന്റ് അടക്കം നിരവധി മന്ത്രിമാരുടെ വീടുകൾ പ്രക്ഷഭകാരികൾ തീയിട്ട് നശിപ്പിച്ചു. നേപ്പാൾ പുകഞ്ഞമർന്നു. ഇതിനിടെ സമൂഹിക മാധ്യമ നിരോധനം പിൻവലിച്ചെങ്കിലും 19 പ്രക്ഷോഭകരെ വെടിവെച്ചുകൊന്നതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവാക്കൾ തെരുവിൽ കാഹളം മുഴക്കി. വീണ്ടും കൂടുതൽ ആളുകൾ പ്രക്ഷോഭത്തിന്റെ ഇരകളായി കൊല്ലപ്പെടുന്നു. ഒടുവിൽ പ്രധാനമന്ത്രി കെപി ശർമ്മ ഒലി രാജിവെക്കുന്നു. കെപി ശർമ നേപ്പാൾ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞതോടെ നേപ്പാൾ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. സൈന്യം രാജ്യത്തിൻ്റെ ക്രമസമാധാനം ഏറ്റെടുത്തു. പിന്നീട് പ്രധാമന്ത്രിസ്ഥാനത്തേക്ക് സുശീല കർക്കി എത്തണമെന്ന ആവശ്യം പ്രക്ഷോഭകാരികൾ ശക്തമാകുകയായിരുന്നു. ഈ സാഹചര്യത്തിൽ സുശീല കർക്കിയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചകൾ നടന്നു. ചർച്ചകൾക്കൊടുവിൽ സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേൽക്കുന്നു.

2016 ജൂലൈ മുതൽ 2017 ജൂൺ വരെ നേപ്പാളിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് ആയിരുന്നു സുശീല കാർക്കി. അഴിമതിക്കെതിരെ ഒരു വിട്ടുവീഴ്ചയില്ലാത്ത നയമാണ് അവർ സ്വീകരിച്ചത്. അഴിമതിക്കെതിരെ ശക്‌തമായ നിലപാട് സ്വീകരിച്ച സുശീല കർക്കിക്ക് ഇന്ത്യയുമായും ചെറുതല്ലാത്തൊരു ബന്ധമുണ്ട്. നേപ്പാളിലെ ബിരാട് നഗറിൽ ജനിച്ച കർക്കി രാഷ്ട്രീയ മീമാംസ പഠിച്ചത് ഇന്ത്യയിലാണ്. ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. പിന്നീട് തിരികെ കാഠ്‌മണ്ഡുവിലെത്തി നിയമ പഠനത്തിലേക്ക് തിരിഞ്ഞു. അഭിഭാഷക വൃത്തിയയിൽ തിളങ്ങിയ സുശീല കർക്കി 2010 ൽ സുപ്രീംകോടതി ജഡ്‌ജിയായി. ഏഴുവർഷം മാത്രം നീണ്ട ന്യായാധിപ ജീവിതത്തിൽ എഴുതിച്ചേർത്ത വിധികളെല്ലാം നേപ്പാളിൻ്റെ ചരിത്രത്തിൻ്റെ ഭാഗമായി. അഴിമതിക്കെതിരെ മുഖംനോക്കാതെ നടപടിയെടുത്തു. രാഷ്ട്രീയനേതാക്കളുടെ അനിഷ്ടം പിടിച്ചുപറ്റിയ ആ ധീരത എന്നും പ്രശംസിക്കപ്പെട്ടു. എന്നാൽ പിന്നീട് ഒരു വിധിയെത്തുടർന്ന് ഭരണകക്ഷികളായ നേപ്പാളി കോൺഗ്രസിലെയും സിപിഎന്നിലെയും നിയമനിർമാതാക്കൾ 2017 ഏപ്രിലിൽ സുശീല കർക്കിക്കെതിരെ പ്രതിനിധിസഭയിൽ ഇംപീച്ച്‌മെന്റ് പ്രമേയം ഫയൽ ചെയ്തു. തുടർന്ന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് താൽക്കാലികമായി സസ്‌പെൻഡ് ചെയ്തു.

വീണ്ടും നേപ്പാൾ പ്രധാനമന്ത്രിയായി അധികാരമേൽക്കുമ്പോൾ അഴിമതിക്കറ പുരളാത്ത പുതിയൊരു ഭരണകൂടത്തിന് വഴിയൊരുക്കുകയാണ് ഇനി ശുശീല കർക്കിക്ക് മുന്നിലുള്ള ദൗത്യം. രാഷ്ട്രീയ കലാപങ്ങള്‍ കാരണം അനിശ്ചിതാവസ്ഥയിലായിരുന്ന രാജ്യത്തെ സ്ഥിരത സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഈ ഭരണകൂടം തിരികെ എത്തിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Read more