ഹോര്‍മുസില്‍ ഉപരോധം കടുപ്പിച്ച് യുഎസ്. ഉപരോധം വകവയ്ക്കാതിരുന്നാല്‍ സൈന്യത്തെ ഉപയോഗിക്കേണ്ടി വരുമെന്ന് യുഎസ് മുന്നറിയിപ്പ് നല്കി. ‘ഉപരോധം ലംഘിക്കാന്‍ ശ്രമിക്കരുതെന്നാണ് അമേരിക്കയുടെ തിട്ടൂരം. ഇറാന് തുറമുഖങ്ങളിലേക്ക് പോകാനോ അവിടെനിന്ന് വരാനോ ശ്രമിക്കുന്ന കപ്പലുകളെ തടയുകയും പിടിച്ചെടുക്കുകയും ചെയ്യുമെന്നും യുഎസ് പ്രഖ്യാപിച്ചു. യുഎസ് നാവികസേനയുടെ മുഴുവന്‍ അംഗങ്ങളും തയാറായി നില്പ്പുണ്ടെന്ന് ഭീഷണി.
ഉപരോധത്തോട് സഹകരിച്ചില്ലെങ്കില്‍ സൈന്യത്തെ ഉപയോഗിക്കേണ്ടി വരും. യുഎസ് നാവികസേനയുടെ മുഴുവന്‍ അംഗങ്ങളും തയാറായി നില്‍പ്പുണ്ട്’.
യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എക്സില്‍ ആണ് മുന്നറിയിപ്പ് നല്‍കിയത്.. കപ്പലുകള്‍ തടയാന്‍ യുഎസ് എബ്രഹാം ലിങ്കണിലെ അയ്യായിരത്തോളം നാവികരെ നിയോഗിച്ചിട്ടുണ്ടെന്നും സെന്‍ട്രല്‍ കമാന്‍ഡ് കൂട്ടിച്ചേര്‍ത്തു. യുഎസ് നീക്കത്തെ തള്ളി ഇറാന് രംഗത്തെത്തി. ഇറാനെ ഉപരോധിക്കാനാകില്ലെന്നും ഹോര്‍മുസിലെ ഉപരോധം വെടിനിര്‍ത്തല്‍ ലംഘനമാണെന്നും ഇറാന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഘായി പറഞ്ഞു. ഉപരോധം തുടര്‍ന്നാല്‍ യുഎസിന് അതേ നാണയത്തില്‍ തിരിച്ചടി നല്കാന് ഇറാന് സൈന്യം നിര്‍ബന്ധിതരാകുമെന്നും ബഘായി പറഞ്ഞു.
Read more
സംഭവവികാസങ്ങള്‍ ഇറാനും സൈന്യവും സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമുള്ള സ്ഥലത്ത് ആനുപാതികമായിത്തന്നെ പ്രതികരിക്കുകയും ചെയ്യുമെന്നാണ് ഇറാന്റെ മറുപടി. അതിനിടയില്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ യുഎസ് ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വൈറ്റ്ഹൗസ് രംഗത്തെത്തി. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും എന്നാല്‍ യുഎസ് ഔദ്യോഗികമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു എന്നുള്ള റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലെവിറ്റ് പറഞ്ഞു.







