യുഎസ് നേവി സെക്രട്ടറി ജോണ്‍ ഫെലാനെയെ രാജിവെപ്പിച്ചു; ഇറാന്‍ യുദ്ധം തുടരുമ്പോള്‍ യുഎസ് പുറത്താക്കുന്ന സൈനിക ഉന്നതരുടെ പട്ടിക നീളുന്നു

ഇറാനും യുഎസുമായുള്ള യുദ്ധം തുടരുന്നതിനിടെ യുഎസ് പുറത്താക്കുന്ന സൈനിക ഉന്നതരുടെ പട്ടിക നീളുന്നു. യുഎസ് നേവി സെക്രട്ടറി ജോണ്‍ ഫെലാനെ ആണ് ഏറ്റവുമൊടുവില്‍ സ്ഥാനത്തുനിന്ന് നീക്കപ്പെട്ടിരിക്കുന്നത്. ജോണ്‍ ഫെലാന്‍ നാവികസേന സെക്രട്ടറി സ്ഥാനത്ത് നിന്ന് ഉടന്‍ പ്രാബല്യത്തില്‍ സ്ഥാനമൊഴിയുമെന്ന് പെന്റഗണ്‍ വക്താവ് ഷോണ്‍ പാര്‍നെല്‍ ബുധനാഴ്ച അറിയിക്കുകയായിരുന്നു.

ജോണ്‍ സ്ഥാനമൊഴിയുന്നതിനേക്കുറിച്ച് പെന്റഗണ്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ തീരുമാനം അദ്ദേഹം സ്വന്തംനിലയ്ക്ക് കൈക്കൊണ്ടതാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് മാത്രം പറയുന്നുമുണ്ട്. യുഎസ് നാവികസേനയുടെ കരുത്തുവര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കപ്പല്‍നിര്‍മാണ പരിഷ്‌കരണ നടപടികള്‍ നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നു എന്നതാണ് ജോണിനെ പുറത്താക്കാനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഉള്‍പ്പെടെയുള്ള പെന്റഗണ്‍ നേതൃത്വവുമായുള്ള ഫെലാനെയുടെ ബന്ധം അത്ര നല്ലതായിരുന്നില്ലെന്നാണ് വിവരം. ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് നാവിക ഉപരോധം തുടരുന്നതിനിടെയാണ് ജോണിനെ പുറത്താക്കിയതെന്നതും ശ്രദ്ധേയമാണ്.

കരസേനാ മേധാവി റാന്‍ഡി ജോര്‍ജിനെ ഈ മാസം ആദ്യമാണ് പെന്റഗണ്‍ മേധാവി പീറ്റ് ഹെഗ്‌സെത്ത് പുറത്താക്കിയത്. വിശദീകരണം കൂടാതെയായിരുന്നു ഈ നടപടിയും. ആര്‍മി സെക്രട്ടറി ഡാനിയേല്‍ ഡ്രിസ്‌കോളുമായി ബന്ധപ്പെട്ട ഹെഗ്‌സെത്തിന്റെ പ്രശ്‌നങ്ങളാണ് റാന്‍ഡിയെ പുറത്താക്കുന്നതിലേക്ക് നയിച്ചതെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുകയും ചെയ്തിരുന്നു. ജനറല്‍മാരായ ഡേവിഡ് ഹോഡ്‌നെ, വില്യം ഗ്രീന്‍ തുടങ്ങിവരെയും ഈ അടുത്തകാലത്ത് പെന്റഗണ്‍ പുറത്താക്കിയിരുന്നു.