ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്ക് നേര്‍ക്ക് ട്രംപിന്റെ ഭീഷണി; 'എന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനം', അവര്‍ക്കെതിരെ വളരെ വേഗത്തില്‍ താരിഫ് വര്‍ധിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ട്രംപ്

വെനസ്വേലയില്‍ നടത്തിയ കടന്നുകയറ്റത്തിന് പിന്നാലെ മറ്റ് രാജ്യങ്ങളേയും ഭീഷണിപ്പെടുത്തി
വെറും ഒരു മണിക്കൂറിനിടെ ഇന്ത്യ ഉള്‍പ്പെടെ 6 രാജ്യങ്ങള്‍ക്കെതിരെ പുതിയ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെനസ്വേലയിലേക്ക് കടന്നുകയറിയ യുഎസ് സൈന്യം പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യയെയും പിടികൂടി ന്യൂയോര്‍ക്കില്‍ എത്തിച്ച സംഭവത്തിന് പിന്നാലെയാണ് ട്രംപ് പുതിയ വെല്ലുവിളികളുമായി രംഗത്തെത്തിയത്.

ഇന്ത്യക്കെതിരെ വീണ്ടും നികുതി ഭീഷണി മുഴക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ വ്യാപാര-ഊര്‍ജ്ജ താല്പര്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യ നീങ്ങിയില്ലെങ്കില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ മേല്‍ അതിവേഗത്തില്‍ അധിക നികുതി ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളിലുള്ള അതൃപ്തി തന്നെയാണ് വീണ്ടും നികുതി ഭീഷണിക്ക് പിന്നില്‍. റഷ്യന്‍ എണ്ണയെച്ചൊല്ലി തന്നെയാണ് ഇന്ത്യയ്ക്കുമേല്‍ ട്രംപിന്റെ പുതിയ ഭീഷണി. ഇനിയും റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരാനാണ് തീരുമാനമെങ്കില്‍ കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വളരെ നല്ല മനുഷ്യന്‍’ എന്ന് പ്രശംസിച്ചെങ്കിലും, വ്യാപാര കാര്യങ്ങളില്‍ ഇന്ത്യയുടെ നിലപാടുകളില്‍ താന്‍ സന്തോഷവാനല്ലെന്ന് ട്രംപ് വ്യക്തമാക്കി. ‘മോദി വളരെ നല്ല മനുഷ്യനാണ്. അദ്ദേഹം നല്ല വ്യക്തിയാണ്. ഞാന്‍ സന്തോഷവാനല്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. എന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനമായിരുന്നു.’എന്ന് ഭീഷണി സ്വരത്തില്‍ ട്രംപ് പറഞ്ഞു. ഇന്ത്യയുമായി അമേരിക്കയ്ക്ക് വലിയ വ്യാപാര ബന്ധമുണ്ടെന്നും, ഇന്ത്യയുടെ മേല്‍ അതിവേഗം താരിഫ് വര്‍ദ്ധിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അടിസ്ഥാനപരമായി എന്നെ സന്തോഷിപ്പിക്കാനായിരുന്നു അവരുടെ ആഗ്രഹം, പ്രധാനമന്ത്രി മോദി വളരെ നല്ല മനുഷ്യനാണ്. അദ്ദേഹം ഒരു നല്ല ആളാണ്. ഞാന്‍ സന്തോഷവാനല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനമായിരുന്നു. അവര്‍ വ്യാപാരം ചെയ്യുന്നുണ്ട്, നമുക്ക് അവരുടെ മേല്‍ വളരെ വേഗത്തില്‍ താരിഫ് ഉയര്‍ത്താന്‍ കഴിയും.

ഇന്ത്യ റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരുന്നതിനെക്കുറിച്ചാണ് ട്രംപ് പരാമര്‍ശിച്ചത്, ട്രംപ് ഭരണകൂടം ആവര്‍ത്തിച്ച് ഇന്ത്യയുടെ റഷ്യന്‍ എണ്ണ നിലപാടിനെ എതിര്‍ത്തതും 2025 ഓഗസ്റ്റില്‍ ഇതേ കാര്യം പറഞ്ഞാണ് ഇന്ത്യയുടെ മേലുള്ള തീരുവ 50% ഇരട്ടിയായി അമേരിക്ക മാറ്റിയത്.

മോസ്‌കോയുമായുള്ള ന്യൂഡല്‍ഹിയുടെ ബന്ധത്തെ നിശിതമായി വിമര്‍ശിക്കുകയും റഷ്യയുടെ ക്രൂഡ് ഓയില്‍ വാങ്ങുന്നതിലൂടെ ഉക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യ റഷ്യയെ ശക്തിപ്പെടുത്തുകയാണെന്ന് ആരോപിക്കുകയും ചെയ്ത ട്രംപ് ഇതിനകം ഇരട്ടിയാക്കിയ നികുതിയാണ് ഇനിയും കൂട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നതിന് ശേഷം അമേരിക്കയുടെ ആവശ്യങ്ങളംഗീകരിച്ചു സമ്മര്‍ദ്ദങ്ങളില്‍ വശംവദരായി നിറവേറ്റി കൊടുക്കുന്നത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ പോലും അമേരിക്ക മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഇറങ്ങിയെന്ന് ട്രംപ് ആവര്‍ത്തിച്ച് അവകാശവാദം ഉന്നയിച്ചതാണ്. ഇതിലടക്കം കടുത്ത രീതിയില്‍ പ്രതികരിക്കാതെ മയപ്പെടുന്ന സമീപനമാണ് മോദി സര്‍ക്കാര്‍ നടത്തിയത്. റഷ്യന്‍ എണ്ണ വിഷയത്തില്‍ ട്രംപിന്റെ സമ്മര്‍ദ്ദം ശക്തമായതോടെ, റഷ്യയില്‍ നിന്നും അമേരിക്കയില്‍ നിന്നും വാങ്ങുന്ന എണ്ണയുടെ വിവരങ്ങള്‍ കൃത്യമായി സമര്‍പ്പിക്കാന്‍ ഇന്ത്യയിലെ എണ്ണ ശുദ്ധീകരണശാലകളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി രണ്ട് മുതല്‍ റഷ്യന്‍, യുഎസ് എണ്ണ വാങ്ങലുകളുടെ ആഴ്ച തിരിച്ചുള്ള കണക്കുകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. അമേരിക്ക ആവശ്യപ്പെടുമ്പോള്‍ കൃത്യമായ കണക്കുകള്‍ നല്‍കുന്നതിനും, മറ്റുള്ള സ്രോതസ്സുകളില്‍ നിന്നുള്ള തെറ്റായ വിവരങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനുമാണ് ഈ നീക്കമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്‍ ഈ വിവരങ്ങള്‍ ശേഖരിക്കുന്നത്.

ഇന്ത്യക്ക് പുറമേ ക്യൂബ, മെക്‌സിക്കൊ, കൊളംബിയ, ഇറാന്‍, ഗ്രീന്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് നേര്‍ക്കാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഡെന്മാര്‍ക്കിന്റെ അധീനതയിലുള്ള ഗ്രീന്‍ലന്‍ഡിനെ യുഎസിന് വേണമെന്ന ആവശ്യമാണ് ഡൊണാള്‍ഡ് ട്രംപ് ഉന്നയിച്ചിരിക്കുന്നത്. ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ യുഎസ് നിരീക്ഷിക്കുകയാണെന്ന് പറഞ്ഞ ട്രംപ് പ്രതിഷേധക്കാരെ വെടിവച്ചു കൊല്ലാനാണ് ഇറാനിയന്‍ ഭരണകൂടത്തിന്റെ തീരുമാനമെങ്കില്‍ അമേരിക്കയില്‍ നിന്ന് കടുത്ത ശിക്ഷ തന്നെ ഇറാന്‍ നേരിടേണ്ടി വരുമെന്ന ഭീഷണി മുഴക്കി.

Read more

വെനസ്വേലയ്ക്ക് നേരേ ഉയര്‍ത്തിയ മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ട്രംപ് ക്യൂബയ്ക്ക് നേരെയും ഉയര്‍ത്തിയത്. ”ക്യൂബ ശരിക്കും തകരാന്‍ പോവുകയാണ്. അവര്‍ക്ക് സ്വന്തമായി വരുമാനം പോലുമില്ല. വെനസ്വേലയായിരുന്നു അവരുടെ ആശ്രയമെന്നും ട്രംപ് ചൂണ്ടിക്കാട്ടി. മെക്‌സിക്കോയുടെ മേല്‍ പണ്ട് ചാര്‍ത്തിയ മതിലിനപ്പുറവും ട്രംപിന്റെ പ്രശ്‌നം തീര്‍ന്നിട്ടില്ല. മയക്കുമരുന്ന് വിഷയം ഉന്നയിച്ചാണ് മെക്‌സിക്കോയ്ക്ക് നേര്‍ക്കുള്ള ഭീഷണി. മയക്കുമരുന്ന് മാഫിയയെ മെക്‌സിക്കന്‍ സര്‍ക്കാര്‍ തുരത്തിയില്ലെങ്കില്‍ അമേരിക്കന്‍ സേനയെ അങ്ങോട്ട് അയക്കാമെന്നതാണ് ട്രംപിന്റെ നിലപാട്. കൊക്കെയ്ന്‍ ഉണ്ടാക്കി യുഎസിലേക്ക് കടത്തുന്ന, സമനില തെറ്റിയ ഒരാളാണ് കൊളംബിയ ഭരിക്കുന്നതെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ വിമര്‍ശിച്ച് ട്രംപ് പറഞ്ഞു. ”അയാള്‍ അധികകാലം ഈ പണി ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ലെന്ന് ട്രംപ് പറഞ്ഞതോടെ കൊളംബിയയെ ആക്രമിക്കുമോ എന്ന് ചോദ്യം ഉയര്‍ന്നു. അപ്പോള്‍ അതൊരു നല്ലകാര്യമായിരിക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി.