ട്രംപ് തിങ്കളാഴ്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ കാണും, ചൊവ്വാഴ്ച പ്രധാനമന്ത്രി മോദിയുമായും കൂടിക്കാഴ്ച

യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് തിങ്കളാഴ്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ കാണും. ഹ്യൂസ്റ്റണിലെ “ഹൗഡി മോദി” മെഗാ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പങ്കെടുത്തതിന് ശേഷമായിരിക്കും ഇത്. ഇമ്രാൻഖാനെ കണ്ടതിനു ശേഷം ചൊവ്വാഴ്ച ട്രംപ് ന്യൂയോർക്കിൽ പ്രധാനമന്ത്രി മോദിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തും.

യു.എൻ പൊതുസഭയുടെ 74-ാമത് സമ്മേളനത്തോടനുബന്ധിച്ച് ഇന്ത്യയുടെയും പാകിസ്ഥാന്റെയും പ്രധാനമന്ത്രിമാരുമായുള്ള രണ്ട് കൂടിക്കാഴ്ചകളും ന്യൂയോർക്കിൽ നടക്കുമെന്ന് ട്രംപിൻറെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഹ്യൂസ്റ്റണിൽ നടക്കുന്ന “ഹൗഡി മോദി” പരിപാടിയിൽ പ്രധാനമന്ത്രി മോദിയുമായി പങ്കെടുത്തതിന് ശേഷം ഞായറാഴ്ച രാത്രി ട്രംപ് ന്യൂയോർക്കിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. “ഹൗഡി മോദി” പരിപാടിയിൽ ഇരു നേതാക്കളും 50,000 ഇന്ത്യൻ-അമേരിക്കക്കാരെ അഭിസംബോധന ചെയ്യും.

ന്യൂയോർക്കിൽ നിന്നും അമേരിക്കൻ പ്രസിഡന്റ് ഒഹായോയിലേക്ക് പോകും, അവിടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി കൂടിക്കാഴ്ച നടത്തും.