തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം യുഎസ് നാവികസേന ഉപരോധിക്കുമെന്നും ഇറാന് ടോൾ നൽകി കടന്നുപോകുന്ന കപ്പലുകൾ പിടിച്ചെടുക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പാകിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയും ട്രംപും കടുത്ത നടപടിയിലേക്ക് കടക്കുന്നത്.
ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ കപ്പലുകളെയും യുഎസ് നാവികസേന തടയും. അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ച് ഇറാന് ടോൾ നൽകുന്ന കപ്പലുകൾ തടയാൻ നാവികസേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇറാൻ കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നശിപ്പിക്കാൻ യുഎസ് നടപടി തുടങ്ങും. യുഎസ് സേനയ്‌ക്കോ സമാധാനപരമായ ഗതാഗതം നടത്തുന്ന കപ്പലുകൾക്കോ എതിരെ ഇറാൻ വെടിയുതിർത്താൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.







