റഫാ അതിര്‍ത്തി കടന്ന് ഗാസയിലേക്കുള്ള ട്രക്കുകള്‍; യുഎന്‍ അയച്ചത് മരുന്നുകളും അവശ്യ വസ്തുക്കളും; കുടിവെള്ളവും ഇന്ധനവും ഇല്ലെന്ന് റിപ്പോര്‍ട്ടുകള്‍

മരുന്നുകളും അവശ്യ വസ്തുക്കളുമായി റഫാ അതിര്‍ത്തി കടന്ന് ഗാസയിലേക്കുള്ള ട്രക്കുകള്‍. റഫ അതിര്‍ത്തി വഴി ഇരുപത് ട്രക്കുകളാണ് ഗാസയിലേക്ക് എത്തുന്നത്. യുഎന്‍ അയച്ച മരുന്നുകളുമായാണ് ട്രക്കുകള്‍ എത്തുന്നത്. എന്നാല്‍ ട്രക്കുകളില്‍ കുടിവെള്ളവും ഇന്ധനവും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുരന്ത ഭൂമിയില്‍ ഇരുപത് ട്രക്കുകളിലെ സഹായം മതിയാകില്ല.

അതേ സമയം 200 ട്രക്കുകള്‍ റഫ അതിര്‍ത്തിയില്‍ 3,000 ടണ്‍ അവശ്യ വസ്തുക്കളുമായി കാത്ത് കിടക്കുന്നുണ്ട്. സൈന്യത്തോട് ഗാസയെ നിരീക്ഷിക്കാന്‍ ഇസ്രായേല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹമാസ് ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും തുടരുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ജോ ബൈഡന്‍ നടത്തിയ ചര്‍ച്ചയിലാണ് ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ തീരുമാനമായത്.

Read more

ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ക്കിടെ പതിനൊന്ന് ദിവസമായി സമ്പൂര്‍ണ ഉപരോധം തുടരുന്ന ഗാസയില്‍ മാനുഷിക പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്. സാംക്രമികരോഗ മുന്നറിയിപ്പുണ്ടെങ്കിലും മലിനജലം കുടിക്കുകയല്ലാതെ ജനങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല. കടകളില്‍ ഭക്ഷണ സാധനങ്ങള്‍ ലഭിക്കാത്ത അവസ്ഥയുണ്ട്. വൈദ്യുതി വിതരണം പൂര്‍ണമായും നിലച്ചതോടെ ജനറേറ്ററിന്റെ സഹായത്താലാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ആശുപത്രികളിലും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഇന്ധനമില്ല.