ഇന്ത്യയോടും ചൈനയോടുമുള്ള സംസാരിക്കേണ്ട ഭാഷ ഇതല്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനോട് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ. സാമ്രാജ്യത്വത്തിൻറെയും ഏകലോകത്തിൻറെയും കാലം കഴിഞ്ഞു. ഇന്ത്യയോടും ചൈനയോടും യുഎസ് ഇത്തരത്തിൽ പെരുമാറരുതെന്നും പുടിൻപറഞ്ഞു. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പുടിൻ.
സാമ്പത്തികമായ സമ്മർദ്ദങ്ങളിലൂടെ ഏഷ്യയിലെ രണ്ട് വലിയ ശക്തികളെ വരുതിയിൽ നിർത്താനാണ് യുഎസ് ശ്രമിക്കുന്നത്. റഷ്യയുടെ പങ്കാളികളായ ഈ രാജ്യങ്ങളിലെ ഭരണാധികാരികളെ ദുർബലരാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും പുടിൻ ആരോപിച്ചു. 150 കോടി ജനങ്ങളുള്ള ഇന്ത്യ, ശക്തമായ സമ്പദ്‌വ്യവസ്ഥയുള്ള ചൈന. ഇവർക്ക് അവരുടേതായ ആഭ്യന്തര സംവിധാനങ്ങളും നിയമങ്ങളുമൊക്കെയുണ്ട്. അവരുടെ നേതാക്കളെ വിഷമസന്ധിയിലാക്കി ശിക്ഷ നടപ്പിലാക്കാമെന്ന് കരുതേണ്ടെന്നും പുട്ടിൻ കൂട്ടിച്ചേർത്തു.
Read more
കൊളോണിയലിസം പോലെ ഇരുരാജ്യങ്ങൾക്കും ചരിത്രത്തിൽ ദുഷ്‌കരമായ കാലഘട്ടമുണ്ടായിരുന്നു. കൊളോണിയൽ യുഗം കഴിഞ്ഞുവെന്ന് യുഎസ് മനസിലാക്കണം. പങ്കാളികളായ രാജ്യങ്ങളോട് ഇത്തരത്തിൽ പെരുമാറാനാകില്ലെന്ന് അവർ മനസിലാക്കണമെന്നും അദ്ദേഹം വിമർശിച്ചു. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയും പുടിൻ പങ്കുവെച്ചു. റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയ്ക്കെതിരെ കൂടുതൽ നടപടികൾ കൈക്കൊള്ളുമെന്ന ട്രംപിന്റെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് റഷ്യൻ പ്രസിഡൻ്റിന്റെ പരാമർശം.







