ഇന്ത്യ ചൈന ബന്ധം ശക്തമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള ചർച്ച ഇന്ന്. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയ്ക്കാണ് ഇരു നേതാക്കളും തമ്മിലുള്ള ചർച്ച നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം റഷ്യയിലെ കസാനിൽ പരസ്പര ബന്ധം മെച്ചപ്പെടുത്താൻ കൈക്കൊണ്ട തീരുമാനങ്ങളുടെ പുരോഗതി മോദിയും ഷീയും വിലയിരുത്തും. ഇരുരാജ്യങ്ങൾക്കുമിടയിൽ വിശ്വാസം വർദ്ധിപ്പിക്കാനുള്ള കൂടുതൽ നടപടികൾ ചർച്ചയാകും.
അമേരിക്കയുമായുള്ള തീരുവ തർക്കം തുടരുമ്പോൾ ഇന്ത്യ ചൈന വ്യാപാര ബന്ധം ശക്തമാക്കുന്നതിനുള്ള ആലോചനയും നടക്കും. ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി കൂട്ടണം എന്ന് നരേന്ദ്ര മോദി നിർദ്ദേശിക്കും. ചൈനീസ് കമ്പനികൾക്കുള്ള നിയന്ത്രണം നീക്കണമെന്നും ഷി ജിൻപിങ് ആവശ്യപ്പെടാനാണ് സാധ്യത. ബ്രിക്സ് കൂട്ടായ്മ ശക്തിപ്പെടുത്തുന്നതും ചർച്ചയാവും. നാൽപ്പത്തിയഞ്ച് മിനിറ്റ് നീളുന്ന ഈ ചർച്ചയിൽ അതിർത്തി തർക്കങ്ങൾ തീർക്കുന്നതിനെക്കുറിച്ചും വ്യാപാര കാര്യങ്ങളെക്കുറിച്ചും അവർ സംസാരിക്കാൻ സാധ്യതയുണ്ട്.
Read more
ടണൽ നിർമ്മാണത്തിനുള്ള യന്ത്രങ്ങൾ ഇന്ത്യയിലേക്ക് അയയ്ക്കാൻ ചൈന അനുമതി നൽകിയേക്കാം. കൂടാതെ, അമേരിക്കൻ തീരുവകൾ കാരണം ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്നങ്ങൾ പോലുള്ള സാധനങ്ങൾ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള വഴികളെക്കുറിച്ചും ചർച്ചയിൽ വിഷയം ഉയർന്നുവന്നേക്കാം. ഷാങ്ഹായി സഹകരണ ഉച്ചകോടിയുടെ ഭാഗമായ വിരുന്നിൽ മോദി ഇന്ന് പങ്കെടുക്കും. നാളെ രാവിലെ മോദി ഉച്ചകോടിയിൽ സംസാരിക്കും. റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി മോദി നാളെ ചർച്ച നടത്തും.







