പരിശീലനം നേടാന്‍ ചാവേറുകള്‍ കേരളവും കശ്മീരും സന്ദര്‍ശിച്ചതായി ശ്രീലങ്കന്‍ സൈനിക മേധാവി

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ ചാവേറുകള്‍ കേരളവും കശ്മീരും സന്ദര്‍ശിച്ചിരുന്നതായി ശ്രീലങ്കന്‍ സൈനികമേധാവിയുടെ സ്ഥിരീകരണം. ഏതെങ്കിലും തരത്തിലുള്ള പരിശീലനം നേടാനാവണം അവര്‍ ഇന്ത്യയിലെത്തിയതെന്ന് കരുതുന്നതായും ലഫ്റ്റനന്റ് ജനറല്‍ മഹേഷ് സേനനായകെ പറഞ്ഞു. ചാവേറുകള്‍ ഇന്ത്യയിലെത്തിയിരുന്നു എന്ന് സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്താവന പുറത്തുവരുന്നത് ആദ്യമായാണ്.

“അവര്‍ ഇന്ത്യയിലേക്ക് പോയിരുന്നു. കശ്മീരിലും ബംഗളൂരുവിലും പോയി.കേരളത്തിലേക്കും അവര്‍ പോയിരുന്നു. അത്രയും വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.” ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് സേനാനായകെ വെളിപ്പെടുത്തല്‍ നടത്തിയത്.

സ്ഫോടനത്തെക്കുറിച്ച് ഇന്ത്യയില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പ് എന്തുകൊണ്ട് അവഗണിച്ചു എന്ന ചോദ്യത്തിന് സാഹചര്യങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയും വേറെ വഴികളിലായിരുന്നു എന്നാണ് സേനനായകെ പ്രതികരിച്ചത്. സുരക്ഷാ വീഴ്ചയുണ്ടായെന്നു സമ്മതിച്ച അദ്ദേഹം പക്ഷേ സേന മാത്രമല്ല ഭരണ-രാഷ്ട്രീയനേതൃത്വം ഉള്‍പ്പടെ എല്ലാവര്‍ക്കും ഇതില്‍ ഉത്തരവാദിത്തമുണ്ടെന്നും പറഞ്ഞു.