ഗാസയിൽ ദിവസവും നാലുമണിക്കൂർ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് അമേരിക്ക; ഇടവേളയിൽ പലസ്തീനികൾ ഗാസ വിട്ടുപോകണം ​

ഗാസയിൽ ദിവസവും നാലുമണിക്കൂർ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് അമേരിക്ക. പലസ്തീനികൾക്ക് ​ഗാസ വിട്ടുപോകാനാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്നാണ് വിശദീകരണം. ഗാസയുടെ വടക്കൻ മേഖലയിലായിരിക്കും നാലുമണിക്കൂർ വെടിനിർത്തൽ പാലിക്കുക. വെടിനിർത്തലിന് മൂന്ന് മണിക്കൂർ മുൻപ് പ്രത്യേക അറിയിപ്പ് നൽകുമെന്നാണ് പ്രഖ്യാപനം.

അതേസമയം ​ഗാസയിലെ ഹമാസ് സൈനികകേന്ദ്രത്തിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സേന. അന്പതോളം ഹമാസുകാരെ വധിച്ചുവെന്നും ഐഡിഎഫ് അവകാശപ്പെടുന്നു. ഗാസയിൽ ഇത് വരെ 10,812 മനുഷ്യർ കൊല്ലപ്പെട്ടെന്നാണ് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഗാസ സിറ്റിയിലെ അൽ ഖുദ്സ് ആശുപത്രി പരിസരത്തും വെടിവയ്പ്പ് നടക്കുകയാണ്.

Read more

തെക്കൻ ഇസ്രയേലിലെ എയിലാറ്റ് നഗരത്തിൽ റോക്കറ്റ് ആക്രമണം നടന്നതായും റിപ്പോ‍ർട്ടുകളുണ്ട്. അതേസമയം, ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. വെസ്റ്റ്ബാങ്കിൽ ഉൾപ്പെടെ സൈനിക നടപടികൾ കടുപ്പിക്കുകയാണ് ഇസ്രയേൽ. ജെനിൻ ന​ഗരത്തിൽ 18 പലസ്തീനികൾ കൊല്ലപ്പെട്ടു. ജെനിൻ ന​ഗരത്തിലെ അഭയാർത്ഥി ക്യാമ്പുകൾ ഉൾപ്പെടെ ലക്ഷ്യം വച്ചാണ് ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നത്.