"രാമായണവും, മഹാഭാരതവും കേട്ടാണ് കുട്ടിക്കാലം ചെലവഴിച്ചത്": ഒബാമ

ഇന്തോനേഷ്യയിലായിരുന്നു ബാല്യകാല വർഷങ്ങൾ ചെലവഴിച്ചത് എന്നതിനാൽ ഇതിഹാസങ്ങളായ രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകൾ കേട്ടാണ് വളർന്നതെന്ന് യു.എസ് മുൻ പ്രസിഡന്റ് ബരാക് ഒബാമ. ഇക്കാരണത്താൽ തന്നെ തന്റെ മനസ്സിൽ ഇന്ത്യയ്ക്ക് ഒരു പ്രത്യേക സ്ഥാനം എക്കാലത്തും ഉണ്ടെന്നും ബരാക് ഒബാമ പറഞ്ഞു.

“ഒരുപക്ഷേ ലോക ജനസംഖ്യയുടെ ആറിലൊന്ന് ഉൾക്കൊള്ളുന്ന ഇന്ത്യയുടെ വലുപ്പം, ഏകദേശം രണ്ടായിരം വ്യത്യസ്ത വംശീയ വിഭാഗങ്ങൾ, എഴുനൂറിലധികം ഭാഷകൾ,” എന്നതൊക്കെയാവാം ഇന്ത്യയോടുള്ള താത്പര്യത്തിന് കാരണം എന്ന് ഒബാമ തന്റെ ഏറ്റവും പുതിയ പുസ്തകമായ എ പ്രോമിസ്‌ഡ് ലാൻഡിൽ പറഞ്ഞു.

പ്രസിഡന്റ് ആയിരിക്കെ 2010- ൽ നടത്തിയ സന്ദർശനത്തിന് മുമ്പ് താൻ ഒരിക്കലും ഇന്ത്യയിൽ പോയിട്ടില്ലെന്നും എന്നാൽ ഇന്ത്യക്ക് എല്ലായ്പ്പോഴും തന്റെ ഭാവനയിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നെന്നും ഒബാമ പറയുന്നു.

“എന്റെ കുട്ടിക്കാലത്തിന്റെ ഒരു ഭാഗം ഇന്തോനേഷ്യയിൽ രാമായണത്തിലെയും മഹാഭാരതത്തിലെയും ഇതിഹാസ കഥകൾ കേട്ട് വളർന്നതിനാലോ അല്ലെങ്കിൽ കിഴക്കൻ മതങ്ങളോടുള്ള എന്റെ താത്പര്യത്താലോ അല്ലെങ്കിൽ ഒരു കൂട്ടം പാകിസ്ഥാൻ, ഇന്ത്യൻ കോളജ് സുഹൃത്തുക്കളോ കാരണം ആയിരിക്കാം. പരിപ്പും കീമയും പാചകം ചെയ്യാൻ ഞാൻ പഠിക്കുകയും ബോളിവുഡ് സിനിമകളിൽ ആകൃഷ്ടൻ ആവുകയും ചെയ്തു, ”ഒബാമ പുസ്തകത്തിൽ പറഞ്ഞു.

2008- ലെ തിരഞ്ഞെടുപ്പ് പ്രചാരണം മുതലുള്ള തന്റെ യാത്രയും പ്രസിഡന്റായുള്ള തന്റെ ആദ്യ കാലാവധിയുടെ അവസാന നാളുകളിൽ അൽ-ക്വൊയ്ദ തലവൻ ഒസാമ ബിൻ ലാദനെ വധിച്ച ധീരമായ അബോട്ടാബാദ് (പാകിസ്ഥാൻ) റെയ്ഡുമായി ബന്ധപ്പെട്ട ഓർമ്മകൾ വരെയുള്ള കാര്യങ്ങൾ ഒബാമ തന്റെ പുസ്തകത്തിൽ പറയുന്നു.

രണ്ട് വാല്യങ്ങളിലായാണ് എ പ്രോമിസ്‌ഡ് ലാൻഡ് പുറത്തിറങ്ങുക. ആദ്യ ഭാഗം ചൊവ്വാഴ്ച ആഗോളതലത്തിൽ പുസ്തകശാലകളിൽ എത്തി.