പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന് മുന്നില്‍ പതിനഞ്ചിന നിര്‍ദേശങ്ങള്‍ വെച്ച് അമേരിക്കയ്ക്ക് അതേ നാണയത്തില്‍ മറുപടിയുമായി ഇറാന്‍. വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ യുഎസിന് മുന്നില്‍ കര്‍ശന നിബന്ധനകള്‍ തിരിച്ചുവെച്ചിരിക്കുകയാണ്് ഇറാന്‍. ഗള്‍ഫ് മേഖലയിലുള്ള എല്ലാ അമേരിക്കന്‍ സൈനിക താവളങ്ങളും പൂര്‍ണ്ണമായും അടച്ചുപൂട്ടുക എന്നതാണ് ഇറാന്‍ മുന്നോട്ട് വെച്ച കര്‍ശന ഉപാധിയില്‍ ഒന്ന്. ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം വേണമെന്ന ആവശ്യവും ഇറാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍നിന്ന് ട്രാന്‍സിറ്റ് ഫീസ് ഈടാക്കാനുമുള്ള അധികാരം നല്‍കണമെന്നുമാണ് ഇറാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ സാമ്പത്തിക ഉപരോധങ്ങളും പിന്‍വലിക്കുക, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് സാമ്പത്തിക നഷ്ടപരിഹാരം നല്‍കുക, ഹിസ്ബുള്ളയ്‌ക്കെതിരായ ഇസ്രയേലിന്റെ സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയവയാണ് ഇറാന്‍ മുന്നോട്ടുവെച്ച മറ്റ് നിര്‍ദേശങ്ങള്‍.
ഇറാന്റെ ആവശ്യങ്ങളോട് യുഎസ് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഹോര്‍മുസിന്റെ നിയന്ത്രണം ഇറാന് വിട്ടുകൊടുത്തുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് യുഎസ് തയ്യാറായേക്കില്ലെന്നത് വ്യക്തമാണ്. ഒപ്പം ഹിസ്ബുള്ളയ്ക്കെതിരായ സൈനിക നടപടി നിര്‍ത്തിവെയ്ക്കാന്‍ ഇസ്രയേല്‍ തയ്യാറാകുമോയെന്നതും വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ അനിശ്ചിതത്വത്തിലാക്കും.
ഇറാന്റെ ആണവപദ്ധതിക്കുമേല്‍ കര്‍ശന നിയന്ത്രണം, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കല്‍ തുടങ്ങിയവയാണ് അമേരിക്ക മുന്നോട്ട് വെച്ച 15 ഇന നിര്‍ദേശങ്ങള്‍. ഇറാന്റെ ആണവശേഷിയും ബന്ധപ്പെട്ട സൈനികസംവിധാനങ്ങളും നിര്‍വീര്യമാക്കണമെന്ന നിര്‍ദേശവും അമേരിക്ക നിര്‍ദിഷ്ട പദ്ധതിയില്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിന് പകരമായി ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം ഭാഗികമായി പിന്‍വലിക്കാമെന്ന് യുഎസ് പറയുന്നു. കൂടാതെ ഇറാന് പുറത്ത് സ്ഥിതിചെയ്യുന്ന ഊര്‍ജ സംവിധാനത്തോടുകൂടിയതും യുഎന്നിന്റെ മേല്‍നോട്ടത്തിലുള്ളതുമായ സിവിലിയന്‍ ആണവ പദ്ധതി, ഇറാന്റെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള സാമ്പത്തിക സഹകരണം തുടങ്ങിയ വാഗ്ദാനങ്ങളും അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ട്.
ഇതിന് മറുപടിയായാണ് ഇറാന്‍ ഭീഷണിയായി കാണുന്ന ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ അടച്ചുപൂട്ടണമെന്ന ആവശ്യം. വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ ആണ് കര്‍ക്കശമായ ആവശ്യങ്ങള്‍ മുന്നോട്ട് വെക്കാന്‍ നേതൃത്വം നല്‍കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുമ്പോഴും ചില കാര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് ഇറാന്‍ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബാലിസ്റ്റിക് മിസൈല്‍ പദ്ധതി അഞ്ച് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണമെന്നാണ് ഇറാന് മുന്നില്‍ യുഎസ് വെച്ചിരിക്കുന്ന പ്രധാന നിര്‍ദേശം. യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കുകയും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ പരിശോധനകള്‍ അനുവദിക്കുകയും ചെയ്യുക. ഹിസ്ബുള്ള, ഹമാസ്, ഇറാഖി മിലിഷ്യകള്‍ തുടങ്ങിയ ഗ്രൂപ്പുകള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കുക തുടങ്ങിയ കര്‍ശന നിബന്ധനകളാണ് യുഎസ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഈ സമ്മര്‍ദ്ദത്തെ മറികടക്കാനാണ് ഇറാനും കര്‍ശനമായ ആവശ്യങ്ങളുന്നയിച്ചിരിക്കുന്നത്. ഇരുവിഭാഗവും കര്‍ശനമായ നിലപാടുകള്‍ തുടരുന്നത് ചര്‍ച്ചകളുടെ സങ്കീര്‍ണ്ണത വര്‍ദ്ധിപ്പിക്കുന്നു.
Read more
ഇറാനെതിരായ യുദ്ധം തുടരണമെന്നാണ് യുഎസിന്റെ സഖ്യകക്ഷിയായ ഇസ്രയേലിന്റെ നിലപാട്. ട്രംപിനോട് യുദ്ധം തുടരണമെന്ന് അഭ്യര്‍ഥിക്കുന്ന ഇസ്രയേല്‍, വെടിനിര്‍ത്തല്‍ നിര്‍ദേശംകേട്ട് അമ്പരന്നെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നു.







