ആക്‌സിയം - 4 ദൗത്യത്തിന് തുടക്കം; ഡ്രാഗണ്‍ പേടകവുമായി സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് പറന്നുയര്‍ന്നു; ഉള്ളില്‍ ഇന്ത്യയുടെ ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍

ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്സിയം-4 ദൗത്യത്തിന് തുടക്കമായി. ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39-എയില്‍നിന്ന് പറന്നുയര്‍ന്നു. ഇന്ത്യയുടെ ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ദൗത്യത്തിന് നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമന്‍ സ്പേസ്ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറാണ് അദ്ദേഹം. അന്താരാഷ്ട്ര ബഹിരാകാശനിലയം അഥവ ഐഎസ്എസിലേക്കു പോകുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. 1984 ല്‍ ബഹിരാകാശ യത്രനടത്തിയ രാകേഷ് ശര്‍മയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരന്‍. ശുക്ലയ്ക്ക് രണ്ടാം സ്ഥാനമാണ് ഇക്കാര്യത്തില്‍.

ഫ്‌ലോറിഡയില്‍ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12:01നായിരുന്നു വിക്ഷേപണം. യുഎസിനെക്കൂടാതെ ഹംഗറി, പോളണ്ട് എന്നിവിടങ്ങളില്‍നിന്നുള്ള ബഹിരാകാശ യാത്രികരുമുണ്ട്. വ്യാഴാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 4.30നു രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തും. 41 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയുടെ രണ്ടാംദൗത്യം വലിയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സംഭവിച്ചിരിക്കുന്നത്. വിക്ഷേപണത്തിന് എല്ലാ സംവിധാനങ്ങളും തയ്യാറാണെന്നും കാലാവസ്ഥ 90 ശതമാനം അനുകൂലമാണെന്നും സ്പേസ് എക്സ് ബുധനാഴ്ച രാവിലെ അറിയിച്ചിരുന്നു. പുതുതായി വികസിപ്പിച്ചെടുത്ത സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാണ് സംഘം യാത്രതിരിച്ചിരിക്കുന്നത്. ഫാല്‍ക്കണ്‍ 9 റോക്കറ്റിന് മുകളിലാണ് പേടകം ഘടിപ്പിച്ചിരിക്കുന്നത്. ശുഭാംശു ശുക്ലയ്ക്കും പെഗ്ഗി വിറ്റ്സണും പുറമെ പോളണ്ടില്‍ നിന്നുള്ള ഇഎസ്എ പ്രോജക്ട് ബഹിരാകാശ സഞ്ചാരി സ്ലാവോസ് യൂസ്നാന്‍സ്‌കി-വിസ്നിയെവ്സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപു എന്നിവര്‍ മിഷന്‍ സ്പേഷ്യലിസ്റ്റുകളാണ്.

മേയ് 29നു നിശ്ചയിച്ചിരുന്ന യാത്ര സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചിരുന്നു. പിന്നീട് 5 തവണകൂടി വിക്ഷേപണം നിശ്ചയിച്ചെങ്കിലും മാറ്റി. പുതിയ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശപേടകത്തില്‍ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണു ദൗത്യസംഘത്തിന്റെ യാത്ര. 41 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പൗരന്‍ ബഹിരാകാശത്തെത്തുന്നത്. 14 ദിവസം ശുഭാംശുവും സംഘവും ബഹിരാകാശനിലയത്തില്‍ വിവിധ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടും. കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളില്‍ ശുഭാംശു ശുക്ല ഏഴ് പരീക്ഷണങ്ങള്‍ നടത്തും. ഇന്ത്യന്‍ എയര്‍ഫോഴ്സ് പൈലറ്റും ഗ്രൂപ്പ് ക്യാപ്റ്റനുമാണ് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയോം-4 ദൗത്യത്തിന്റെ പൈലറ്റായി ഐഎസ്ആര്‍ഒ ആണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

ബഹിരാകാശ സഞ്ചാരികള്‍ ഏകദേശം രണ്ടാഴ്ചയോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിക്കും. അവിടെ അവര്‍ ശാസ്ത്രീയ ഗവേഷണങ്ങള്‍ അടക്കമുള്ളവ നടത്തും. മനുഷ്യന്റെ ആരോഗ്യം, ഭൗമനിരീക്ഷണം, ഭൗതികശാസ്ത്രം തുടങ്ങിയ മേഖലകളിലായി ഏകദേശം 60 ശാസ്ത്രീയ ഗവേഷണങ്ങള്‍ അവര്‍ നടത്തും. ഈ ഗവേഷണങ്ങളില്‍ 31 രാജ്യങ്ങള്‍ സഹകരിക്കും. ഇന്നുവരെ നടന്നതില്‍വെച്ച് ഏറ്റവും പ്രാധാന്യമുള്ള വാണിജ്യ ബഹിരാകാശ ദൗത്യങ്ങളിലൊന്നായി ഇതിനെ മാറ്റുന്നുത് ഇത് അടക്കമുള്ളവയാണ്. ഇന്ത്യയ്ക്ക് പുറമെ ലോകരാജ്യങ്ങളെല്ലാം ദൗത്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഗഗന്‍യാന്‍ ദൗത്യത്തിന് വേണ്ടി എങ്ങനെ നമ്മള്‍ തയ്യാറെടുക്കണം എന്നത് സംബന്ധിച്ച അറിവുകള്‍ നേടാന്‍ ശുഭാംശുവിന്റെ പരിശീലനങ്ങളിലൂടെയും അനുഭവ പരിചയത്തിലൂടെയും സാധിക്കുമെന്നാണ് ഐഎസ്ആര്‍ഒകണക്കുകൂട്ടുന്നത്. നാസയും ഐഎസ്ആര്‍ഒയും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിയം സ്‌പെയ്‌സും ചേര്‍ന്നാണ് എഎക്സ്-4 ദൗത്യം സംഘടിപ്പിക്കുന്നത്.

Read more

ടെക്‌സാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബഹിരാകാശ കമ്പനിയാണ് ആക്‌സിയം സ്‌പേസ്. വാണിജ്യ ഉപഭോക്താക്കളുമായി ആദ്യമായി ബഹിരാകാശ നിലയത്തിലേക്ക് യാത്ര നടത്തിയ കമ്പനിയാണിത്. സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.