ഹോർമുസ് കടക്കാൻ കപ്പലുകൾ പണം കൊടുക്കണം; പുതിയ നീക്കവുമായി ഇറാൻ; ഇറാനെ എതിർത്ത രാജ്യങ്ങൾക്ക് കടലിടുക്ക് കടക്കാൻ അനുമതി നൽകില്ല

ഹോർമുസ് കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതം നിയന്ത്രിക്കുന്നതിനായി പണം ഈടാക്കാനുള്ള ആലോചനയുമായി ഇറാൻ. കപ്പലുകളിൽ നിന്ന് ആവശ്യമായ ഫീസ് ഈടാക്കാനാണ് ഇറാൻ പദ്ധതിയിടുന്നത്. ഇറാനിയൻ നിയമനിർമ്മാതാവ് ഇബ്രാഹിം അസീസിയുടെ പ്രസ്താവന വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് പുറത്ത് വിട്ടത്.

ഹോർമൂസ് കടലിടുക്ക് കടക്കാൻ കപ്പലുകളിൽ നിന്നും ഫീസ് പിരിക്കുമെന്നും, അതേസമയം ഇറാനെ എതിർത്ത രാജ്യങ്ങളിലെ കപ്പലുകൾക്ക് കടലിടുക്ക് കടക്കാൻ അനുമതി നൽകില്ല എന്നുമാണ് ഇറാൻ പറയുന്നത്.

തങ്ങളുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾ മാത്രമേ കടത്തിവിടുകയുള്ളൂ എന്നും ഭരണകൂടം വ്യക്തമാക്കി. കൂടാതെ, ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനെതിരെ സൈനിക നടപടിയെ പിന്തുണച്ച രാജ്യങ്ങൾക്ക് മുന്നിൽ ഈ പാത തുറക്കില്ലെന്നും ഇബ്രാഹിം അസീസി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള ശ്രമിക്കുന്നതിനിടെയും ഹോർമുസിൽ കൂടുതൽ കപ്പലുകൾ ഇറാൻ നിലവിൽ കടത്തി വിടുന്നുണ്ട്. ചൈനയെ കൂടാതെ പാകിസ്ഥാൻ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കപ്പലുകളാണ് ഇറാൻ ഇതിനോടകം കടത്തി വിട്ടത്.

Read more