ചൈനീസ് നഗരമായ ടിയാൻജിനിൽ നടക്കുന്ന 10 അംഗ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി ആരംഭിച്ചു. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം നടത്തി. അതിർത്തി കടന്നുള്ള ഭീകരവാദം ചെറുക്കണം എന്ന് പ്രഖ്യാപനത്തിൽ പറയുന്നു. പാകിസ്ഥാനിലെ ജാഫർ എക്സ്പ്രസ് ആക്രമണവും സംയുക്ത പ്രസ്താവനയിൽ പരാമർശിച്ചു.
സഖ്യത്തിൻ്റെ ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനായി ഒരു ദിവസം നീണ്ടുനിൽക്കുന്ന ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘടനയിലെ മറ്റ് നേതാക്കളും ചേർന്ന് തുടക്കം കുറിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് നേതാക്കളെ സ്വാഗതം ചെയ്‌തു. ‘കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യ തീവ്രവാദത്തിന്റെ ദുരിതം സഹിച്ചുവരികയാണ്. അടുത്തിടെ, പഹൽഗാമിൽ തീവ്രവാദത്തിൻറെ ഏറ്റവും മോശം വശം നാം കണ്ടു. ദുഃഖത്തിൻ്റെ ഈ സമയത്ത് നമ്മോടൊപ്പം നിന്ന സൗഹൃദ രാജ്യത്തിന് ഞാൻ എൻ്റെ നന്ദി രേഖപ്പെടുത്തുന്നു.’ മോദി പറഞ്ഞു.
Read more
‘പഹൽഗാമിൽ നടന്ന ആക്രമണം മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന ഓരോ രാജ്യത്തിനും വ്യക്തിക്കും നേരെയുള്ള പരസ്യമായ വെല്ലുവിളിയായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ, ചില രാജ്യങ്ങൾ ഭീകരവാദത്തിന് നൽകുന്ന പരസ്യമായ പിന്തുണ നമുക്ക് അംഗീകരിക്കാനാകുമോ എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികമാണ്. ഭീകരവാദത്തെ അതിൻ്റെ എല്ലാ രൂപത്തിലും ഭാവത്തിലും നമ്മൾ ഒറ്റക്കെട്ടായി എതിർക്കണം. ഇത് മനുഷ്യരാശിയോടുള്ള നമ്മുടെ കടമയാണ്.’ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.







