48 രോഗികള്‍ക്കെതിരെ ലൈംഗികാതിക്രമം; ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ യുകെയില്‍ പിടിയില്‍

രോഗികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ യുകെയില്‍ പിടിയില്‍. സ്‌കോട്ട്‌ലന്‍ഡില്‍ പ്രാക്ടീസ് ചെയ്യുന്ന ജനറല്‍ പ്രാക്ടീഷണറായ കൃഷ്ണ സിങ്(72) ആണ് പിടിയിലായത്. 35 വയസിന് മുകളില്‍ പ്രായമുള്ള 48 സ്ത്രീ രോഗികള്‍ക്കെതിരെയാണ് അതിക്രമം നടത്തിയത്.

ചികിത്സയ്‌ക്കെത്തുന്ന രോഗികളെ ചുംബിക്കുകയും, സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും, അനുചിതമായ പരിശോധനകള്‍ നടത്തുകയും, മോശം രീതിയില്‍ സംസാരിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം പ്രതി നിഷേധിച്ചു. രോഗികള്‍ തെറ്റിദ്ധരിച്ചുവെന്നും ഇന്ത്യയിലെ മെഡിക്കല്‍ പരിശീലന സമയത്ത് താന്‍ പഠിച്ചതില്‍ ചില മാര്‍ഗങ്ങളിലൂടെ പരിശോധിച്ചതാണെന്നുമാണ് അയാള്‍ പറഞ്ഞത്.

സ്‌കോട്ട്‌ലന്‍ഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 1983 ഫെബ്രുവരി മുതല്‍ 2018 മെയ് വരെയുള്ള കാലയളവിലാണ് കുറ്റകൃത്യങ്ങള്‍ നടന്നത്. ഡോക്ടര്‍ സിങ് സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നത് പതിവായിരുന്നു എന്നാണ് പ്രോസിക്യൂട്ടര്‍ ആഞ്ചല ഗ്രേ കോടതിയില്‍ അറിയിച്ചത്.

മെഡിക്കല്‍ സേവനങ്ങളിലെ സംഭാവനയ്ക്ക് റോയല്‍ മെമ്പര്‍ ഓഫ് ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ ബഹുമതി ലഭിച്ചുള്ള ആളാണ് സിങ്. 2018ല്‍ ഒരു സ്ത്രീ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാളുടെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. ഇയാള്‍ക്കെതിരെ 54 കുറ്റങ്ങള്‍ ചുമത്തിയിരുന്നു. മറ്റ് ഒമ്പത് കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നും രണ്ടെണ്ണത്തില്‍ കുറ്റക്കാരനല്ലെന്നും കണ്ടെത്തി.

കേസ് പരിഗണിക്കുന്ന ജഡ്ജി ശിക്ഷ വിധിക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. പാസ്പോര്‍ട്ട് അടക്കമുള്ളവ സമര്‍പ്പിക്കണമെന്ന വ്യവസ്ഥയില്‍ പ്രതിയെ ജാമ്യത്തില്‍ വിടാന്‍ അനുവദിച്ചു.