സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ ബാര്‍ റിസോര്‍ട്ടിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ നാല്‍പത് പേര്‍ കൊല്ലപ്പെട്ടു. 100ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു. ക്രാന്‍സ്‌മൊണ്ടാനയിലെ സ്വിസ് സ്‌കീ റിസോര്‍ട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെ സ്‌ഫോടനമുണ്ടായത്. മരണസംഖ്യ ഉയര്‍ന്നേക്കും. കൊല്ലപ്പെട്ടവരില്‍ ചിലര്‍ മറ്റു രാജ്യക്കാരാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ ആശുപത്രിയുടെ ഐസിയു നിറഞ്ഞുവെന്നും പരുക്കേറ്റവരെ മറ്റ് ആശുപത്രികളിലേക്കു മാറ്റുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
പ്രാദേശികസമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ക്രാന്‍സ് മൊണ്ടാനയിലെ ബാറില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉറവിടമോ എങ്ങനെയാണ് സ്ഫോടനമുണ്ടായതെന്നോ വ്യക്തമല്ലെന്നും ഒട്ടേറെപേര്‍ മരിച്ചെന്നും നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. സംഭവസ്ഥലത്ത് പോലീസ് നടപടികള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുവര്‍ഷം പിറന്നതിന്റെ ആഘോഷങ്ങള്‍ തുടരവേയായിരുന്നു സ്‌ഫോടനം. നൂറിലേറെ പേര്‍ കൂടിനിന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിനു പിന്നാലെ ബാറില്‍ തീജ്വാലകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, ആക്രമണമല്ല, തീപിടിത്തമാണ് സ്‌ഫോടനത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം.
Read more
ആഡംബര റിസോര്‍ട്ടുകള്‍ ഏറെയുള്ള മേഖലയാണ് ക്രാന്‍സ്‌മൊണ്ടാന. ആല്‍പ്‌സ് പര്‍വതനിരയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ തെക്കുപടിഞ്ഞാറ് ഫ്രഞ്ച് സംസാരിക്കുന്നവര്‍ താമസിക്കുന്ന കാന്റന്‍ വലൈസിലാണ് ക്രാന്‍സ്‌മൊണ്ടാന സ്ഥിതി ചെയ്യുന്നത്. പ്രമുഖ അവധിക്കാല ഡെസ്റ്റിനേഷന്‍ കൂടിയാണിവിടം. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബേണില്‍നിന്ന് രണ്ടു മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ ഇവിടെത്താം. ബ്രിട്ടനില്‍നിന്നുള്ള വിനോദസഞ്ചാരികളാണ് ഇവിടെ അധികവും എത്താറ്. ഫസ്റ്റ് ക്ലാസ് ഗോള്‍ഫ് കോഴ്‌സുകളുടെ കേന്ദ്രം കൂടിയാണ് ക്രാന്‍സ്‌മൊണ്ടാന. ഗോള്‍ഫ് അക്കാദമിയും ഇവിടുണ്ട്. സ്‌കീയിങ് മത്സരമായ എഫ്‌ഐഎസ് വേള്‍ഡ് കപ്പിന് ഈ മാസം അവസാനം ആതിഥ്യമരുളാനിരിക്കുകയാണ് ക്രാന്‍സ്‌മൊണ്ടാന എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.







