ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഫോൺ സൗദി രാജകുമാരൻ ഹാക്ക് ചെയ്തതായി ആരോപണം

ആമസോൺ ഡോട്ട് കോം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജെഫ് ബെസോസും സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനും തമ്മിൽ എൻക്രിപ്റ്റ് ചെയ്ത മെസേജിംഗ് സേവനമായ വാട്ട്‌സ്ആപ്പിൽ സന്ദേശങ്ങൾ കൈമാറിയതിനെ തുടർന്ന് ജെഫ് ബെസോസിന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

ഹാക്കിങ്ങിന് മുമ്പ് 2018 മധ്യത്തിൽ സൗദി രാജകുമാരനിൽ നിന്ന് ബെസോസിലേക്ക് ഒരു സന്ദേശം കൈമാറിയതായി കാണപ്പെട്ടു. ജെഫ് ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്യപ്പെടുന്നതിലേക്ക് നയിച്ച കോഡ് ഇതിലുണ്ടെന്ന് സൂചിപ്പിക്കുന്ന ഡിജിറ്റൽ തെളിവുകൾ അന്വേഷകർ കണ്ടെത്തി, അന്വേഷണം പരസ്യമാക്കിയിട്ടില്ലാത്തതിനാൽ പേരു വെളിപ്പടുത്തരുതെന്ന് ആവശ്യപ്പെട്ട ആളുകളിൽ ഒരാൾ പറഞ്ഞു. ഒരു ഫോറൻസിക് വിശകലനത്തിൽ ബിൻ സൽമാൻ ഉപയോഗിച്ച വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഹാക്കിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കാണിച്ചതായി, മറ്റൊരാൾ പറഞ്ഞു.

ബിൻ സൽമാന്റെ സ്വകാര്യ അക്കൗണ്ടിൽ നിന്ന് അയച്ച ഇൻഫെക്റ്റഡ് വീഡിയോ ഫയൽ ഉപയോഗിച്ചാണ് 2018 ൽ ബെസോസിന്റെ ഫോണിൽ നിന്ന് ഡാറ്റ മോഷ്ടിക്കപ്പെട്ടതെന്ന് ഒരു വിശകലനത്തിൽ കണ്ടെത്തിയതായി ഗാർഡിയൻ പത്രം ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഗാർഡിയന്റെ റിപ്പോർട്ട് സ്ഥിരീകരിച്ച ഫിനാൻഷ്യൽ ടൈംസ് ആഗോള ബിസിനസ് ഉപദേശക സ്ഥാപനമായ എഫ്‌ടിഐ കൺസൾട്ടിംഗാണ് ഹാക്കിങ്ങിനെ കറിച്ചുള്ള വിശകലനം നടത്തിയത് എന്ന് പറഞ്ഞു. സ്ഥാപനത്തിന്റെ പ്രതിനിധി ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയാൻ വിസമ്മതിച്ചു.

25 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ബെസോസും ഭാര്യ മക്കെൻസിയും വിവാഹമോചനം നേടുമെന്ന പ്രഖ്യാപനത്തിന് ഒരു വർഷത്തിന് ശേഷമാണ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെ ബാധിച്ച സുരക്ഷാ ലംഘനത്തെ കുറിച്ചുള്ള പുതിയ വിശദാംശങ്ങൾ വെളിപ്പെടുന്നത്. ബെസോസും മുൻ ടെലിവിഷൻ അവതാരകയായ ലോറൻ സാഞ്ചസും തമ്മിലുള്ള വിവാഹേതര ബന്ധവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇക്കാര്യം വെളിപ്പെടുത്തുന്നതിന് മുമ്പ് സൗദി അറേബ്യൻ സർക്കാർ ബെസോസിന്റെ ഫോൺ ആക്‌സസ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നതായി ബെസോസിന്റെ സുരക്ഷാ ഉപദേഷ്ടാവ് ഗാവിൻ ഡി ബെക്കർ പിന്നീട് പറഞ്ഞു.

അതേസമയം ജെഫ് ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്തതിന് പിന്നിൽ സൗദി രാജകുമാരനു പങ്കുണ്ടെന്നു സൂചിപ്പിക്കുന്ന സമീപകാല മാധ്യമ റിപ്പോർട്ടുകൾ അസംബന്ധമാണ് എന്ന് സൗദി എംബസി ഒരു ട്വീറ്റിൽ പ്രതികരിച്ചു. ഈ വിഷയത്തിൽ അന്വേഷണം നടത്തണമെന്നും അപ്പോൾ എല്ലാ വസ്തുതകളും വെളിപ്പെടുമെന്നും എംബസി പറഞ്ഞു.