സല്‍മാന്‍ റഷ്ദി വെന്‍റിലേറ്ററിൽ; കൈഞരമ്പുകൾക്കും കരളിനും ​ഗുരുതര പരിക്ക്, കാഴ്ച്ചശക്തി നഷ്ടപ്പെട്ടേയ്ക്കും

അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വെച്ച് കുത്തേറ്റ ഇന്ത്യന്‍ വംശജനായ പ്രശസ്ത ആംഗലേയ സാഹിത്യകാരന്‍ സല്‍മാന്‍ റഷ്ദി വെന്റിലേറ്ററില്‍. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സല്‍മാന്‍ റഷ്ദിയുടെ കരളിനും കൈഞരമ്പുകള്‍ക്കും ഒരു കണ്ണിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ ന്യൂയോര്‍ക്കിലെ ചൗതക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് സല്‍മാന്‍ റഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. സല്‍മാന്‍ റഷ്ദി പങ്കെടുത്ത പരിപാടിയിലെ വേദിയിലേക്ക് ഓടിക്കയറിയ അക്രമി അദ്ദേഹത്തെ കുത്തുകയും മുഖത്ത് ഇടിക്കുകയുമായിരുന്നു. രണ്ട് തവണ കുത്തേറ്റതോടെ നിലത്ത് വീണ റുഷ്ദിയെ ഹെലികോപ്റ്റര്‍ വഴി് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യമെന്താണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 24കാരനായ ഹാദി മതാറാണ് ആക്രമിച്ചത്. ഇയാളെ ന്യൂജേഴ്സിയിലെ ഫെയര്‍വ്യൂവില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആക്രമണത്തില്‍ വേദിയിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

1988 ല്‍ പുറത്തിറങ്ങിയ റഷ്ദിയുടെ സത്താനിക് വേഴ്സസ് എന്ന പുസ്തകം മത നിന്ദയുടെ പേരില്‍ വലിയ വിവാദം വിളിച്ചുവരുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇറാന്റെ ആത്മീയാചാര്യനായ ആയുത്തള്ള ഖൊമേനി റഷ്ദിയെ വധിക്കാനായി ഫത്വ പുറപ്പെടുവിച്ചിരുന്നു.