വ്‌ലാഡിമിര്‍ പുടിന് ഹൃദയാഘാതം; തറയില്‍ വീണു കിടന്നു; ഐസിയുവിലേക്ക് മാറ്റി; റഷ്യന്‍ പ്രസിഡന്റിനെപ്പറ്റിയുള്ള വാര്‍ത്തകളെല്ലാം തള്ളി ക്രെംലിന്‍

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ട്. ഷ്യന്‍ സൈന്യത്തിലെ ഒരു മുന്‍ ലഫ്റ്റനന്റ് ജനറലിന്റെ നേതൃത്വത്തിലുള്ള ടെലഗ്രാം ചാനലിലാണ് പുടിന് ഹൃദയാഘാതമുണ്ടായതായി ആദ്യം വാര്‍ത്ത വന്നത്. അതേസമയം വാര്‍ത്ത വ്യാജമാണെന്നും പുടിന് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം ആരോഗ്യവാനാണെന്നും ക്രെംലിന്‍ വ്യക്തമാക്കി.

ഞായറാഴ്ച വൈകിട്ട് മോസ്‌കോയിലെ സ്വകാര്യ അപ്പാര്‍ട്ട്മെന്റിലുള്ള കിടപ്പുമുറിയില്‍ പുട്ടിനെ തറയില്‍ വീണു കിടക്കുന്ന നിലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെന്നാണ് ‘ജനറല്‍ എസ്വിആര്‍’ എന്ന ടെലഗ്രാം ചാനലില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി പ്രസിഡന്റിനെ പരിശോധിക്കുകയും ഹൃദയാഘാതമുണ്ടായതായി സ്ഥിരീകരിക്കുകയും ചെയ്തതായി ഇവര്‍ റിപ്പോര്‍ട്ട് ചെയ്തു. അപ്പാര്‍ട്ട്‌മെന്റില്‍ തന്നെ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക തീവ്രപരിചരണ വിഭാഗത്തിലേക്കു പുട്ടിനെ മാറ്റിയെന്നും ടെലഗ്രാം ചാനലിലൂടെ പറഞ്ഞിരുന്നു.

എന്നാല്‍, പിന്നാലെ റഷ്യയിലെ മാധ്യമങ്ങള്‍ എല്ലാവരും ഇതേ വാര്‍ത്ത നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതോടെ പ്രചരിക്കുന്നതെല്ലാം അസത്യമാണെന്ന് വ്യക്തമാക്കി ക്രെംലിന്‍ രംഗത്ത് വന്നത്. പ്രസിഡന്റ് പൂര്‍ണ ആരോഗ്യവാനാണ്. പ്രചരിക്കുന്നത് അസത്യങ്ങളാണന്നും ക്രെംലിന്‍ വ്യക്തമാക്കി.

ഈ മാസം ഏഴിന് 71 വയസു തികഞ്ഞ് പുടിന്‍ എല്ലാ മീറ്റിങുകളിലും പൊതുപരിപാടികളിലും സജീവമായി തന്നെ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച പുടിന്‍ ചൈന സന്ദര്‍ശനം നടത്തിയിരുന്നു.