ഡൽഹിയിൽ കുടുങ്ങി കനേഡിയൻ പ്രധാനമന്ത്രിയും സംഘവും; ജസ്റ്റിൻ ട്രൂഡോയെ തിരിച്ചു കൊണ്ടുപോകാന്‍ കനേഡിയന്‍ സൈന്യം വിമാനം അയച്ചു

ജി 20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും സംഘവും മടങ്ങിപ്പോവാനാവാതെ ഡൽഹിയിൽ തുടരുന്നു. വിമാനത്തിന്റെ സാങ്കേതിക തകരാര്‍ കാരണമാണ് ജസ്റ്റിൻ ട്രുഡോയുടെ മടക്കയാത്ര ഞായറഴ്ച മുടങ്ങിയത്. പ്രധാനമന്ത്രിയെ തിരിച്ചു കൊണ്ടുപോകാന്‍ കനേഡിയന്‍ സൈന്യം പകരം ഒരു വിമാനം അയച്ചിട്ടുണ്ട്. പ്രധനമന്ത്രിക്കും സംഘത്തിനും ഇന്ന് ഉച്ചയോടെ മടങ്ങിപ്പോവാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള യന്ത്രഭാഗവും വിദഗ്ദ്ധരടങ്ങുന്ന സംഘത്തേയും ഇന്ത്യയിലേക്ക് അയച്ചതായി കാനഡ അധികൃതര്‍ അറിയിച്ചു. പ്രശ്‌നം പരിഹരിക്കാൻ സാധിച്ചില്ലെങ്കില്‍ പ്രതിനിധി സംഘത്തെ പകരം അയക്കുന്ന വിമാനത്തിലാകും തിരിച്ചുകൊണ്ടുവരികയെന്നും അധികൃതര്‍ വ്യക്തമാക്കി.

സിഎഫ്സി001ന് എന്ന വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. ജി 20 ഉച്ചകോടിക്ക് ശേഷം ഞായറാഴ്ച രാത്രി 8 മണിക്കാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. ജസ്റ്റിൻ ട്രൂഡോയും സംഘവും വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പോഴാണ് തകരാര്‍ സംബന്ധിച്ച് അറിയിപ്പ് ലഭിച്ചത്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വെള്ളിയാഴ്ചയാണ് ട്രൂഡോ ഇന്ത്യയിലെത്തിയത്. ജസ്റ്റിൻ ട്രൂഡോയുടെ 16 വയസുള്ള മകൻ സേവ്യർ ട്രൂഡോ ഉൾപ്പെടെ സംഘത്തിലുണ്ട്.