'അധികാരത്തിലിരുന്നപ്പോള്‍ ഞാന്‍ അപകടകാരിയായിരുന്നില്ല, എന്നാല്‍ ഇനി അങ്ങനെയല്ല' ഇമ്രാന്‍ ഖാന്‍

അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ മുന്നറിയിപ്പുമായി മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പുറത്താക്കപ്പെട്ടതോടെ ഇനി താന്‍ കൂടുതല്‍ അപകടകാരിയാരിക്കുെ എന്നാണ് ഉമ്രാന്‍ പറഞ്ഞത്. പാകിസ്ഥാനിലെ പെഷവാറില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു ഖാന്‍

‘സര്‍ക്കാരിന്റെ ഭാഗമായിരുന്നപ്പോള്‍ ഞാന്‍ അപകടകാരിയായിരുന്നില്ല, എന്നാല്‍ ഇനി ഞാന്‍ കൂടുതല്‍ അപകടകാരിയാകും.’ ഖാന്‍ പറഞ്ഞു. തനിക്കെതിരായ അവിശ്വാസ പ്രമേയം പാസാക്കുന്നതിന് മുമ്പ് അര്‍ദ്ധരാത്രി കോടതികള്‍ തുറന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

നിയമവിരുദ്ധമായി താന്‍ ഒന്നും ചെയ്തട്ടില്ല. കോടതി സ്വതന്ത്രമായ രീതിയിലല്ല പ്രവര്‍ത്തിച്ചതെന്നും തന്റെ രാഷ്ട്രീയ ജീവിതത്തില്‍ താന്‍ ഒരിക്കലും ജനങ്ങളെ നിയമ വ്യവസ്ഥകള്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചിട്ടില്ലെന്നുംഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഏപ്രില്‍ 9 ന്, ഇമ്രാന്‍ ഖാന്റെ സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിനുള്ള സമയപരിധി സംബന്ധിച്ച ഹര്‍ജി കേള്‍ക്കാന്‍ പാകിസ്ഥാന്‍ സുപ്രീം കോടതി രാത്രി വൈകിയും തയ്യാറായിരുന്നു. സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടും അര്‍ധരാത്രിയോടെ നിയമസഭാ സ്പീക്കറായിരുന്ന അസദ് ഖൈസര്‍ വോട്ടെടുപ്പ് നടത്തിയിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു നടപടി.

പാകിസ്ഥാനിലെ പുതിയ ഇറക്കുമതി സര്‍ക്കാരിനെ അംഗീകരിക്കില്ല. ഈ നീക്കത്തിനെതിരെ പ്രകടനങ്ങള്‍ നടത്തി ജനങ്ങള്‍ അവര്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് കാണിച്ചുതന്നു. പാകിസ്ഥാനില്‍ ഇതിനു മുന്‍പ് നേതാക്കളെ പുറത്താക്കിയപ്പോഴെല്ലാം ജനങ്ങള്‍ ആഘോഷിച്ചിരുന്നുവെന്നും എന്നാല്‍ ഇത്തവണ ജനകീയ പ്രതിഷേധമാണ് നടന്നതെന്നും ഇമ്രാന്‍ പറഞ്ഞു.

തന്നെ നീക്കാന്‍ വിദേശ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഖാന്‍ നിരന്തരം ആവര്‍ത്തിക്കുന്നുണ്ട്. പുതിയ സര്‍ക്കാരിനെ അടിച്ചേല്‍പ്പിച്ച് അമേരിക്ക പാകിസ്ഥാനെ അപമാനിച്ചു. അമേരിക്ക ഗൂഢാലോചനയിലൂടെ സുല്‍ഫിക്കര്‍ അലി ഭൂട്ടോയെ പുറത്താക്കി. എന്നാലിത് 1970ലെ പാകിസ്ഥാനല്ല, പുതിയ പാകിസ്ഥാനാണെന്നും ഇമ്രാന്‍ പറഞ്ഞു.