'എനിക്ക് മോദിയെ അറിയാം, വഴങ്ങേണ്ട കാര്യം ഇന്ത്യക്കില്ല'; ട്രംപിനെ രൂക്ഷമായി വിമർശിച്ച് വ്ളാഡിമിർ പുടിൻ

റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്ന യുഎസിനെ രൂക്ഷമായി വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ തന്ത്രം ഒടുവിൽ അവർക്കുതന്നെ തിരിച്ചടിയാകുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി മോദിയെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച പുടിൻ, തങ്ങളുടെ ബന്ധം വിശ്വാസത്തിലും പരസ്പ‌ര ബഹുമാനത്തിലും അധിഷ്‌ഠിതമാണെന്ന് ചൂണ്ടിക്കാട്ടി.

ഇന്ത്യ ഉൾപ്പെടെ 140ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ, ഭൗമരാഷ്ട്രീയ വിദഗ്ധർ പങ്കെടുത്ത ഉച്ചകോടിയെ അഭിസംബോധന ചെയ്യുക ആയിരുന്നു പുടിൻ. ഊർജ്ജനയത്തിൽ ഇന്ത്യയുടെ സ്വതന്ത്ര നിലപാടിനെ പുടിൻ എടുത്തുപറയുകയും ബാഹ്യ സമ്മർദ്ദങ്ങളെ ചെറുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്‌തു.

‘ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ ജനങ്ങൾ രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങളെ സൂക്ഷ്‌മമായി നിരീക്ഷിക്കും. അവർ ഒരിക്കലും അപമാനം സഹിക്കില്ല. എനിക്ക് പ്രധാനമന്ത്രി മോദിയെ അറിയാം. അദ്ദേഹം ഒരിക്കലും ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കില്ല.’ പുടിൻ പറഞ്ഞു. പുറത്തുനിന്നുള്ള ആവശ്യങ്ങൾക്ക് വഴങ്ങേണ്ട കാര്യം ഇന്ത്യക്കില്ല. റഷ്യയുമായി ഇന്ത്യയ്ക്ക് ദീർഘകാലമായി സുസ്ഥിരമായ ബന്ധമുണ്ടെന്നും പുടിൻ ചൂണ്ടിക്കാട്ടി.

എണ്ണവ്യാപാരത്തിൽ റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ അർത്ഥശൂന്യം എന്നാണ് പുടിൻ വിശേഷിപ്പിച്ചത്. റഷ്യൻ എണ്ണവിതരണം വെട്ടിക്കുറയ്ക്കുന്നത് ആഗോള വിപണിയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ഇത് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർത്തുകയും ആഗോള വളർച്ചയ്ക്ക് വലിയ തിരിച്ചടിയാകുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.

റഷ്യൻ എണ്ണയുടെ പേരിൽ അമേരിക്ക ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും സമ്മർദ്ദത്തിലാക്കുമ്പോൾ, അമേരിക്ക ആണവോർജ്ജ വ്യവസായത്തിനായി റഷ്യൻ യുറേനിയത്തെയാണ് അവർ വളരെയധികം ആശ്രയിക്കുന്നതെന്നും പുടിൻ പറഞ്ഞു. ആണവ നിലയങ്ങൾ ഉപയോഗിക്കുന്ന ഏറ്റവും വലിയ രാജ്യങ്ങളിലൊന്നാണ് അമേരിക്ക. അമേരിക്കൻ വിപണിയിലേക്ക് യുറേനിയം വിതരണം ചെയ്യുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് റഷ്യ എന്നും പുടിൻ ചൂണ്ടിക്കാട്ടി.