ഉക്ര‍ൈയ്ൻ, രംഗം ചൂടു പിടിക്കുന്നു; സൈനികരോട് യുദ്ധസജ്ജരായിരിക്കാന്‍ അമേരിക്ക

റഷ്യന്‍ അധിനിവേശത്തിന്റെ നിഴലില്‍ നില്‍ക്കുന്ന യുക്രെയ്നു സൈനിക പിന്തുണയേകി അമേരിക്കയും ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും രംഗത്ത്. റഷ്യ സൈനികനടപടിയിലേക്കു പ്രവേശിച്ചാലുടന്‍ ഉപരോധം ഉള്‍പ്പെടെ അതിവേഗ നീക്കങ്ങള്‍ക്കു തീരുമാനമെടുത്തെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

അമേരിക്കന്‍ ആര്‍മിയിലെ 8,500 സൈനികരോട് യുദ്ധ സജ്ജരായിരിക്കാന്‍ അമേരിക്കന്‍ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. യുക്രെയ്‌നെ സഹായിക്കാനായി ഏതു നിമിഷവും യൂറോപ്പിലേക്കു പുറപ്പെടാന്‍ സൈനികര്‍ തയാറാണെന്ന് അമേരിക്ക അറിയിച്ചു.

അടിയന്തര പ്രതികരണ സേനയെന്നാണ് ഈ സൈനികരെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിശേഷിപ്പിക്കുന്നത്. യുദ്ധം ആസന്നമായാല്‍ പ്രതികരിക്കാന്‍ വേണ്ടി ബ്രിട്ടണും അമേരിക്കയും യുക്രെയ്‌ന് മിസൈലുകള്‍ അടക്കമുള്ള പ്രതിരോധ ആയുധങ്ങള്‍ ഇതിനോടകം നല്‍കി കഴിഞ്ഞു.

യുക്രെയ്‌ന് നിരവധി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. നാറ്റോ സഖ്യം ഇടപെട്ട കാര്യമായതിനാല്‍ ഇത് യൂറോപ്യന്‍ രാജ്യങ്ങളുടെ അഭിമാന പ്രശ്‌നമാണ്. മറ്റുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ സൈനികര്‍ കൂടി ഇവരോടൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ ആവശ്യങ്ങള്‍ക്കു വഴങ്ങില്ലെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ സിഎന്‍എന്‍ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.