വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയെന്ന് നാസ: ചിത്രങ്ങള്‍ പുറത്ത്

ചന്ദ്രയാന്‍ – 2 ദൗത്യത്തിന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നെന്ന് നാസ. വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങുകയായിരുന്നെന്ന് (ഹാര്‍ഡ് ലാന്‍ഡിങ്) തെളിയിക്കുന്ന ചിത്രങ്ങള്‍ നാസ പുറത്തു വിട്ടിടുണ്ട്. വിക്രമിന്റെ ലാന്‍ഡിംഗ് പ്രദേശത്തിന്റെ ചിത്രങ്ങളാണ് നാസ് പുറത്തു വിട്ടിരിക്കുന്നത്. അതേസമയം, വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്താനായിട്ടില്ല.

ഒരു ചന്ദ്രപ്പകല്‍, അതായത് 14 ദിവസം മാത്രമാണ് വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാന്‍ ഐ.എസ്.ആര്‍.ഒയ്ക്കുണ്ടായിരുന്നത്. ആ സമയം കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചിരുന്നു. വിക്രം ഇറങ്ങാന്‍ ശ്രമിച്ച ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്ന് കൂടുതല്‍ ചിത്രങ്ങള്‍ അടുത്ത ചന്ദ്രപ്പകല്‍ കാലം (ഒക്ടോബറില്‍)  പകര്‍ത്തുമെന്ന് നാസ അറിയിച്ചിട്ടുണ്ട്.

“”ചന്ദ്രയാന്‍ – 2 ന്റെ ലാന്‍ഡര്‍ സെപ്റ്റംബര്‍ 7-ന് ചന്ദ്രോപരിതലത്തിലെ സിംപേളിയസ് എന്‍, മാന്‍സിനസ് സി എന്നീ ഗര്‍ത്തങ്ങള്‍ക്കിടയിലെ ഉയര്‍ന്ന മേഖലയില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. വിക്രം ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു. എവിടെയാണ് വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയെന്ന് ഇനിയും വ്യക്തമായിട്ടില്ല””, നാസ ട്വിറ്ററില്‍ കുറിച്ചു.

സെപ്റ്റംബര്‍ 17-നാണ് നാസയുടെ ലൂണാര്‍ റിക്കോണിസന്‍സ് ഓര്‍ബിറ്റര്‍ (LRO) ചിത്രങ്ങള്‍ പകര്‍ത്തിയത്. “”വൈകിട്ടോടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. എന്നാൽ ഞങ്ങളുടെ സംഘത്തിന് ലാൻഡറിനെ കണ്ടെത്താനായില്ല””, നാസ വ്യക്തമാക്കി.

വിക്രം ലാന്‍ഡറിന് എന്തുപറ്റിയെന്നത് ദേശീയ തലത്തിലുള്ള ഒരു സമിതി പരിശോധിച്ചു വരികയാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കിയിരുന്നു.””ലാന്‍ഡറില്‍ നിന്ന് സിഗ്‌നലുകള്‍ കിട്ടിയിട്ടില്ല. ഇത് പഠിയ്ക്കാനായി നിയോഗിക്കപ്പെട്ട സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ഭാവിപരിപാടികള്‍ ആലോചിക്കും. ഇതിനായി പ്രത്യേക അനുമതികള്‍ നേടിയ ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും””, കെ ശിവന്‍ വ്യക്തമാക്കി.ഇനി ഐ.എസ്.ആര്‍.ഒയ്ക്ക് മുന്നിലുള്ള പ്രധാന ദൗത്യം ഗഗന്‍യാനാണെന്നും കെ ശിവന്‍ വ്യക്തമാക്കി.