വിചാരണ ചെയ്യണം, യുഎന്‍ രക്ഷാസമിതിയില്‍ നിന്നും റഷ്യയെ പുറത്താക്കണം; അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച് ഉക്രൈന്‍

റഷ്യക്കെതിരെ അന്താരാഷ്ര നീതിന്യായ കോടതിയെ സമീപിച്ച് ഉക്രൈന്‍. റഷ്യയോട് ഉടന്‍ സൈനിക നടപടി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടണമെന്നും സാധാരണക്കാരെ കൊന്നൊടുക്കുന്നതിന് റഷ്യയെ വിചാരണ ചെയ്യണമെന്നും കോടതിയോട് ഉക്രൈന്‍ ആവശ്യപ്പെട്ടു. കൂടാതെ യുഎന്‍ രക്ഷാസമിതിയില്‍ നിന്ന് റഷ്യയെ പുറത്താക്കണമെന്ന് പ്രസിഡന്റ് വ്ളാദിമര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു.

യുക്രൈനിലെ റഷ്യന്‍ അധിനിവേശം കൂട്ടക്കുരുതിയാണ്. റഷ്യ തിന്മയുടെ പാത സ്വീകരിച്ചെന്നും സെലെന്‍സ്‌കി വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. യുഎന്‍ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളില്‍ ഒന്നാണ് റഷ്യ. യുക്രൈന്‍ ആക്രമണത്തെ അപലപിക്കുന്ന ഐക്യരാഷ്ട്ര രക്ഷാസമിതി പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തിരുന്നു.

റഷ്യന്‍ അധിനിവേശത്തെ ഭരണകൂട ഭീകരതയായി അപലപിക്കുന്നെന്നും സെലെന്‍സ്‌കി പറഞ്ഞു. ജനവാസമേഖലകളില്‍ ആക്രമണം നടത്തുന്നില്ലെന്ന റഷ്യയുടെ അവകാശവാദത്തെയും അദ്ദേഹം തള്ളി.