യുഎസ് സംസ്ഥാനമായ അലാസ്‌കയുടെ തീരത്ത് വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം 12.37ഓടെയാണ് സംഭവം. ഭൂചലനത്തിനു പിന്നാലെ തെക്കൻ അലാസ്കയിലും അലാസ്ക ഉപദ്വീപിലും അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി. അലാസ്കയിലെ ദ്വീപ് നഗരമായ സാൻഡ് പോയിന്റിൽ നിന്ന് 87 കിലോമീറ്റർ അകലെ കടലിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു.
ഭൂകമ്പ സാധ്യതയേറിയ പസഫിക് ‘റിങ് ഓഫ് ഫയറി’ൻ്റെ ഭാഗമാണ് അലാസ്ക. തെക്കൻ അലാസ്കയിലും അലാസ്ക ഉപദ്വീപിലും, അലാസ്‌കയിലെ കെന്നഡി എൻട്രൻസ് മുതൽ യൂണിമാക് പാസ് വരെയുള്ള പസഫിക് തീരങ്ങളിലാണ് സുനാമി മുന്നറിയിപ്പുള്ളത്. വളരെ അകലെയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം (എൻടിഡബ്ല്യുസി) അറിയിച്ചു.
Read more
7.0 മുതൽ 7.9 വരെ തീവ്രതയുള്ള ഭൂചലനങ്ങൾ വലിയ ഭൂകമ്പമായാണ് കണക്കാക്കുന്നത്. 2023 ജൂലായിൽ അലാസ്കൻ ഉപദ്വീപിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നില്ല. 1964 മാർച്ചിൽ 9.2 തീവ്രത രേഖപ്പെടുത്തിയതാണ് അലാസ്കയിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പം. അന്ന് 250ലധികം ആളുകൾ മരിച്ചിരുന്നു.