കിം ജോങ് ഉന്‍ പിന്‍ഗാമിയായി മകള്‍ കിം ജൂ ഏയെ പ്രഖ്യാപിച്ചു; അടുത്ത ഭരണാധികാരിയായി കിമ്മിന്റെ മകളുടെ പരിശീലന ഘട്ടം കഴിഞ്ഞെന്ന് ദക്ഷിണ കൊറിയന്‍ ചാരസംഘടന

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മകള്‍ കിം ജൂ ഏയെ ഔദ്യോഗിക പിന്‍ഗാമിയായി തിരഞ്ഞെടുത്തതായുള്ള റിപ്പോര്‍ട്ട് പുറത്ത്. ദക്ഷിണ കൊറിയന്‍ ചാരസംഘടനയായ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസ് ആണ് ഉത്തര കൊറിയയുടെ ഭരണനീക്കത്തെ കുറിച്ച് പുറത്തുവിട്ടത്. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ കൗമാരക്കാരിയായ മകളെ പിന്‍ഗാമിയായി പ്രതിഷ്ഠിക്കാനുള്ള നീക്കം നടക്കുന്നുവെന്ന് ദക്ഷിണ കൊറിയയുടെ ദേശീയ ഇന്റലിജന്‍സ് സര്‍വീസ് (എന്‍ഐഎസ്) വിലയിരുത്തി. കിം കുടുംബത്തിന്റെ നാലാം തലമുറയിലേക്ക് അധികാരം വ്യാപിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് സിയോള്‍ വ്യക്തമാക്കുന്നത്.

ഈ മാസം അവസാനം ഉത്തരകൊറിയയില്‍ നടക്കുന്ന കിം ജോങ് ഉന്നിന്റെ പാര്‍ട്ടിയുടെ (വര്‍ക്കേഴ്സ് പാര്‍ട്ടി കൊറിയ) കോണ്‍ഗ്രസിന് മുന്നോടിയായി ഈ വിലയിരുത്തല്‍ വരുന്നത് അധികാരത്തിലേക്ക് മറ്റാരും കടക്കാതെ കുടുംബ ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ കിം ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ്. ഈ പാര്‍ട്ടി കോണ്‍ഗ്രസിലൂടെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രധാന നയ ലക്ഷ്യങ്ങള്‍ കിം രൂപപ്പെടുത്തുകയും അധികാരത്തിലുള്ള തന്റെ പിടി കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഔദ്യോഗിക പരിപാടികളില്‍ പിതാവിനൊപ്പം സജീവ സാന്നിധ്യമാണ് കിം ജൂ ഏ. മകള്‍ അടുത്ത പിന്‍ഗാമിയാകുമെന്ന് അപ്പോള്‍തന്നെ ഉത്തര കൊറിയയില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പിന്‍ഗാമിയാകുന്നതിന് മുന്നോടിയായുള്ള പരിശീലനഘട്ടത്തിലായിരുന്നു കിം ജൂ ഏ. കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ വാര്‍ഷികാഘോഷം, കുംസുസാന്‍ പാലസ് സന്ദര്‍ശനം തുടങ്ങിയ പ്രധാന വേദികകളില്‍ കിം ജോങ് ഉന്നിനൊപ്പം മകള്‍ കിം ജൂ ഏയും പങ്കെടുത്തിരുന്നു. നയപരമായ കാര്യങ്ങളില്‍ ജൂ ഏ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതായും സൂചനകളുണ്ട്.

അടച്ചിട്ട മുറിയില്‍ നടന്ന പാര്‍ലമെന്ററി ബ്രീഫിംഗില്‍, കിമ്മിന്റെ മകള്‍ കിം ജു എ എന്നതിനൊപ്പം നിയുക്ത പിന്‍ഗാമി എന്ന് വിശേഷിപ്പിച്ചതായും പറയുന്നു.കിം ജൂ ഏയുടെ യഥാര്‍ഥ പ്രായം പുറംലോകത്തിന് വ്യക്തമല്ലെങ്കിലും കൗമാരക്കാരിയായ മകള്‍ക്ക് ഏകദേശം 13 വയസ് കാണുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2022-ല്‍ ഒരു മിസൈല്‍ പരീക്ഷണ സന്ദര്‍ഭത്തിലാണ് കിം ജോങ് ഉന്നിന്റെ കൈപിടിച്ച് നടന്നുവരുന്ന കിം ജൂ ഏയെ ലോകം ആദ്യമായി കാണുന്നത്. ഇതിന് ശേഷം ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്ന ചിത്രങ്ങളില്‍ അവര്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. പലപ്പോഴും പിതാവിനെ പിന്തുടരുന്നതിന് പകരം അദ്ദേഹത്തിന് ഒപ്പമോ അതിലുയരത്തിലോ നില്‍ക്കുന്ന രീതിയിലാണ് ജൂ ഏ പ്രത്യക്ഷപ്പെട്ടിരുന്നതെന്നതും ശ്രദ്ധേയമാണ്.ഉത്തര കൊറിയയുടെ അടുത്ത ഭരണാധികാരി ആരാകുമെന്നതിന്റെ സൂചനയായി ഇതു വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

കടുത്ത പുരുഷാധിപത്യം നിലനില്‍ക്കുന്ന ഉത്തര കൊറിയന്‍ സമൂഹത്തില്‍ ഒരു പെണ്‍കുട്ടി പിന്‍ഗാമിയാകുന്നത് നിരീക്ഷകര്‍ അത്ഭുതത്തോടെയാണ് കാണുന്നത്. കിം ജോങ് ഉന്നിന് ഒരു മകന്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും, ജൂ ഏയെ മാത്രമാണ് അദ്ദേഹം ഔദ്യോഗികമായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്. കിമ്മിന്റെ സഹോദരിയായ കിം യോ ജോങ്ങിന്റെ ഭരണപരമായ സ്വാധീനം ഒരു പെണ്‍കുട്ടിക്ക് അധികാരം ലഭിക്കുന്നതിനുള്ള കാരണമായി കാണാമെന്ന് പറയുന്നവരുമുണ്ട്.

Read more

സാധാരണ കുട്ടികള്‍ക്ക് അനുവദനീയമല്ലാത്ത നീളമുള്ള മുടിയും വിലകൂടിയ ഡിസൈനര്‍ വസ്ത്രങ്ങളും ധരിച്ചാണ് കിം ജൂ ഏ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. ഭരണകൂടത്തിലെ രണ്ടാമത്തെ ഉയര്‍ന്ന നേതാവിനെപ്പോലെയാണ് അവര്‍ക്ക് ഔദ്യോഗിക പരിപാടികളില്‍ പരിഗണന ലഭിക്കുന്നത്. കിം ജോങ് ഉന്‍ ഇപ്പോഴും ആരോഗ്യവാനായി തുടരുമ്പോള്‍ തന്നെ ഇത്ര നേരത്തെ പിന്‍ഗാമിയെ നിശ്ചയിക്കുന്നത് എന്തിനാണെന്നത് സംശയിക്കുന്നവരുമുണ്ട്.