അമേരിക്കയിലും കടക്കൂ പുറത്ത്; ബാങ്ക് തകര്‍ച്ചയെ കുറിച്ചുള്ള ചോദ്യം ഇഷ്ടപ്പെട്ടില്ല; വാര്‍ത്താസമ്മേളനത്തിനിടെ ഇറങ്ങിപ്പോയി; വാതില്‍ വലിച്ചടച്ച് പ്രസിഡന്റ് ബൈഡന്‍

രാജ്യത്തെ ബാങ്കുകള്‍ അടിക്കടി തകരുന്നതിനേക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കാതെ വാര്‍ത്ത സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വാര്‍ത്താ സമ്മേളനത്തിനിടെ സിലിക്കണ്‍ വാലി ബാങ്ക് തകര്‍ച്ച സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെയാണ് ബൈഡന്‍ ഇറങ്ങിപ്പോയത്.

നമ്മുടെ ചരിത്രപരമായ സാമ്പത്തിക സ്ഥിതിയെ സംരക്ഷിക്കുന്നതിന് സുസ്ഥിരമായ ബാങ്കിങ് സംവിധാനം നിലനിര്‍ത്തണം എന്ന് പ്രസിഡന്റ് പറഞ്ഞവസാനിപ്പിച്ചപ്പോള്‍, ബാങ്ക് തകര്‍ന്നത് എന്തുകൊണ്ട് എന്നത് സംബന്ധിച്ച് നിങ്ങള്‍ക്ക് എന്തെല്ലാം അറിയാം? ഇത് ഒരു തരംഗമായി തുടരില്ലെന്ന് അമേരിക്കക്കാര്‍ക്ക് ഉറപ്പു നല്‍കാന്‍ നിങ്ങള്‍ക്കാവുമോ? എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു.

ഈ, ചോദ്യം കേട്ട ഉടന്‍ ബൈഡന്‍ വാര്‍ത്താസമ്മേളനം നിര്‍ത്തി ഇറങ്ങിപ്പോയി. മറ്റേതെങ്കിലും ബാങ്ക് കൂടി തകരുമോ, പ്രസിഡന്റ് എന്ന് മറ്റൊരു റിപ്പോര്‍ട്ടര്‍ ആ സമയം ചോദിക്കുന്നതും കേള്‍ക്കാം. എന്നാല്‍ ബൈഡന്‍ അതിനൊന്നും മറുപടി നല്‍കാതെ മുറിക്ക് അകത്തേക്ക് പോയി വാതില്‍ അടയ്ക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

നേരത്തെ, ചൈനയുടെ ചാര ബലൂണ്‍ സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിനിടെയും ബൈഡന്‍ ഇറങ്ങിപോയിരുന്നു. നിങ്ങളുടെ കുടുംബ ബിസിനസ് ബന്ധങ്ങളില്‍ ഒത്തു തീര്‍പ്പിന് തയാറാകുമോ? എന്ന ചോദ്യത്തിന് ഒരു ഇടവേള തരൂവെന്നും പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു ബൈഡന്‍. കഴിഞ്ഞ വര്‍ഷം കൊളംബിയന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ ചിരിച്ചു കൊണ്ടിരുന്ന വീഡിയോയും വൈറലായിരുന്നു.