തീവ്രവാദികളെ ഇല്ലാതാക്കാന്‍ റഫയില്‍ കയറും, സൈന്യത്തിന് അനുമതി നല്‍കി ഇസ്രയേല്‍; ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞുവെന്ന് ബെഞ്ചമിന്‍ നെതന്യാഹു

തെക്കന്‍ ഗാസയിലെ റഫയില്‍ ആക്രമണം നടത്താനുള്ള നീക്കം നടത്തി ഇസ്രയേല്‍. വിവിധ ഇടങ്ങളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട 15 ലക്ഷത്തോളം ആള്‍ക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് റഫ. റഫ നഗരത്തില്‍ കരയാക്രമണം നടത്താനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ സന്ദേശത്തിലൂടെയായിരുന്നു നെതന്യാഹു തീരുമാനം വ്യക്തമാക്കിയത്.

യുദ്ധ വിജയത്തിനായി റഫയില്‍ പ്രവേശിക്കുകയും അവിടുത്തെ തീവ്രവാദ ബറ്റാലിയനുകളെ ഇല്ലാതാക്കുകയും വേണം. അതിനുള്ള തിയ്യതി തീരുമാനിച്ചുകഴിഞ്ഞു. അത് ഉടന്‍ സംഭവിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.

അഭയാര്‍ത്ഥികള്‍ തിങ്ങി പാര്‍ക്കുന്ന റഫ ആക്രമിക്കുന്നതിനോട് അന്താരാഷ്ട്ര തലത്തില്‍ എല്ലാ രാഷ്ട്രങ്ങള്‍ക്കും വിയോജിപ്പാണുള്ളത്. വെടിനിര്‍ത്തല്‍ കരാറിനായുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് നെതന്യാഹു തീരുമാനം അറിയിച്ചിരിക്കുന്നത്.
ബന്ദികളെ മോചിപ്പിക്കണമെന്ന ഇസ്രായേലിന്റെ ആവശ്യം ഹമാസ് അംഗീകരിക്കാത്തതാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴി മുട്ടാന്‍ കാരണം. ഇതോടെയാണ് ഇസ്രയേല്‍ കടുത്ത തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.