ഇറാനെ പാമ്പിനോടുപമിച്ച് ഇസ്രായേല്‍; തല വെട്ടാന്‍ ആഹ്വാനം ചെയ്ത് എംപി ഷാരന്‍ ഹസ്‌കെല്‍

ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ ആഞ്ഞടിച്ച് ഇസ്രായേല്‍ എംപി ഷാരന്‍ ഹസ്‌കെല്‍. തങ്ങള്‍ക്ക് പാമ്പിന്റെ തല വെട്ടേണ്ടതുണ്ടെന്ന് പറഞ്ഞ ഷാരന്‍ ഹസ്‌കെല്‍ പാമ്പ് ഇസ്രായേല്‍ ആണെന്ന് കൂടി വ്യക്തമാക്കി. തങ്ങള്‍ സര്‍ക്കാരിനൊപ്പമാണെന്നും ഹമാസിന്റെ കാര്യത്തില്‍ തീരുമാനമാകുമെന്നും ഹസ്‌കെല്‍ കൂട്ടിച്ചേര്‍ത്തു.

പലസ്തീനികള്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രം വേണമെന്ന് താല്‍പ്പര്യമില്ലെന്നും പകരം ജൂതന്മാരെയും ഇസ്രായേലിനെയും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും ആയിരുന്നു ദ്വിരാഷ്ട്രമെന്ന പരിഹാരത്തെ കുറിച്ചുള്ള ചോദ്യത്തിന് ഹസ്‌കെലിന്റെ മറുപടി. കോളമിസ്റ്റ് ലിറ്റാള്‍ ഷെമേഷും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. തീവ്രവാദത്തിന്റെ സ്‌പോണ്‍സര്‍ എന്നാണ് ഇരുവരും ഇറാനെ വിമര്‍ശിച്ചത്.

അതേ സമയം ഇറാനില്‍ നിന്ന് സഹായം ലഭിച്ചെന്ന് ഹമാസ് വെളിപ്പെടുത്തിയിരുന്നു. പലസ്തീന്റെ പ്രതിരോധത്തെ പിന്തുണയ്ക്കുന്നു എന്നായിരുന്നു ഇതേ കുറിച്ച് ഇറാന്‍ നടത്തിയ പ്രതികരണം. ഹമാസിന്റെ ഇസ്രായേല്‍ ആക്രമണത്തിന് ശേഷം ഹമാസ് പ്രതിനിധികളുമായി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി സംസാരിച്ചെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമ വിഭാഗം വാര്‍ത്ത പുറത്ത് വിട്ടു.

ഇസ്രായേലില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കഴിഞ്ഞു. ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ ജീവനോടെ മോചിപ്പിക്കാനും സാധിക്കുന്നില്ല. 130ല്‍ ഏറെ ആളുകളാണ് ബന്ദികളായി ഹമാസിന്റെ പക്കലുള്ളത്. ഗാസയില്‍ ഇതോടകം 450 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.