ഇസ്രായേലുമായും അമേരിക്കയുമായും നടത്തിയ യുദ്ധത്തിനിടെ നടത്തിയ ആക്രമണങ്ങൾക്ക് അയൽരാജ്യങ്ങളോട് ക്ഷമാപണം നടത്തി ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. ഇറാന് മറ്റ് രാജ്യങ്ങളിലേക്ക് അധിനിവേശത്തിനുള്ള പദ്ധതികളില്ലെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ടെലിവിഷൻ പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത സമയത്താണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാനെ സമീപ രാജ്യങ്ങൾ നേരിട്ട് ആക്രമിക്കാത്ത പക്ഷം സമീപ രാജ്യങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാവില്ല എന്നാണ് ഇറാന്റെ താൽക്കാലിക നേതൃത്വ കൗൺസിൽ തീരുമാനമെന്നാണ് മസൂദ് പെഷസ്കിയാൻ വിശദമാക്കിയത്. സമീപകാലത്ത് ഇറാന്റെ ആക്രമണത്തിന് ഇരയായ രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും പെഷസ്കിയാൻ പ്രസ്താവനയിൽ വിശദമാക്കി.
ഇസ്രയേൽ, യുഎസ് ആക്രമണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാൻ നിരന്തര ആക്രമണം നടത്തിയതിന് പിന്നാലെയാണ് ക്ഷമാപണം. ഇറാൻ ആക്രമണം നടത്തിയത് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രത്യാക്രമണം ആയിരുന്നുവെന്നും മസൂദ് പെഷസ്കിയാൻ വിശദമാക്കി.







