ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് കപ്പലുകള്‍ പിടിച്ചെടുത്ത് ഇറാന്റെ ആക്രമണം; ഒരു കപ്പല്‍ ദുബായില്‍നിന്ന് ഗുജറാത്തിലേക്കുള്ളത്

പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി ഉയര്‍ത്തി ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ ആക്രമണം. രണ്ട് കപ്പലുകള്‍ പിടിച്ചെടുത്തു.ഇതില്‍ ഒരു കപ്പല്‍ ദുബായില്‍നിന്ന് ഗുജറാത്തിലേക്ക് വരികയായിരുന്നു. പിടിച്ചെടുത്ത ചരക്കു കപ്പലുകള്‍ ഇറാന്‍ തീരത്തേക്ക് മാറ്റിയതായി റവല്യൂഷനറി ഗാര്‍ഡ്‌സ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്ര റവല്യൂഷനറി ഗാര്‍ഡ്‌സിന്റെ അനുമതിയോടെ ആയിരിക്കണമെന്നും സേന കപ്പലുകള്‍ പിടിച്ചെടുത്തതിന് പിന്നാലെ വ്യക്തമാക്കി.

പാകിസ്ഥാനില്‍ നടക്കാനിരുന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായത്. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ആക്രമണം നടന്നതെന്നത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നു.

ആദ്യം പുറത്തുവന്ന വാര്‍ത്ത ബുധനാഴ്ച രാവിലെ 7.55 ഓടെ ഇറാന്റെ പാരാമിലിട്ടറി വിഭാഗമായ ഐആര്‍ജിസി ചരക്കു കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നായിരുന്നു. യാതൊരു മുന്നറിയിപ്പും കൂടാതെയായിരുന്നു ഇറാന്റെ നടപടിയെന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) അറിയിച്ചു. വെടിവയ്പ്പില്‍ കപ്പലിനു കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും വിവരം പുറത്തുവന്നിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം രണ്ട് കപ്പലുകള്‍ പിടിച്ചെടുത്ത വാര്‍ത്തയാണ് പുറത്തുവന്നത്.