ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് കോറിന്റെ വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; ഒറ്റ ആഴ്ചയ്ക്കിടെ ഇറാന്‍ സര്‍ക്കാരിന് നഷ്ടമാകുന്ന നാലാമത്തെ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍

ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് കോറിന്റെ (ഐആര്‍ജിസി) വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു. പുലര്‍ച്ചെയുണ്ടായ യുഎസ്ഇസ്രയേല്‍ ആക്രമണത്തിലാണ് നൈനി കൊല്ലപ്പെട്ടത്. യുഎസിനും ഇസ്രയേലിനുമെതിരെയുള്ള നൈനിയുടെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളില്‍ വന്ന് മണിക്കൂറികള്‍ക്കു പിന്നാലെയാണ് നൈനി കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇറാന്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഐആര്‍ജിസിയുടെ പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന്റെ ഉപമേധാവിയാണ് അലി.

ഒറ്റ ആഴ്ചയ്ക്കിടെ ഇറാന് നഷ്മാകുന്ന നാലാമത്ത ഉദ്യോഗസ്ഥനാണ് അലി മുഹമ്മദ് നൈനി. സര്‍ക്കാര്‍-സൈനിക തലത്തില്‍ ഇറാനുണ്ടായ നാലാമത്തെ നഷ്ടമാണ് അലിയുടെ മരണം. ഈ ആഴ്ച മാത്രം നേരത്തെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവി അലി ലാരിജാനി, ഗുലാംറെസാ സൊലൈമാനി, ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖത്തീബ് എന്നിവരാണ് യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്മായില്‍ ഖാത്തിബിന്റെ മരണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമനയി അനുശോചിച്ചിരുന്നു.

കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് അലി, യുഎസിനും ഇസ്രയേലിനുമെതിരേ രൂക്ഷപ്രതികരണം നടത്തിയിരുന്നു. ‘നമ്മുടെ മിസൈല്‍ നിര്‍മാണ മേഖല ഗംഭീരമായാണ് പ്രവര്‍ത്തിക്കുന്നത്. ആ വിഷയത്തില്‍ ആശങ്കപ്പെടേണ്ട യാതൊന്നുമില്ല. കാരണം, യുദ്ധകാല സാഹചര്യങ്ങളില്‍ പോലും നമ്മള്‍ മിസൈല്‍ ഉത്പാദനം തുടരുകയാണ്’ എന്നായിരുന്നു അലിയുടെ പരാമര്‍ശം.

ശത്രുക്കള്‍ അനുഭവിക്കുന്ന സുരക്ഷിതത്വം ഇല്ലാതാക്കണമെന്നു ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് അയച്ച സന്ദേശത്തില്‍ മൊജ്തബ ഖമനയി ആവശ്യപ്പെട്ടു. യുദ്ധം 21ാം ദിവസത്തിലേക്ക് കടക്കവേ, ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇറാന്‍. പശ്ചിമേഷ്യയുടെ പല ഭാഗങ്ങളിലും ബഹ്‌റൈനിലും ഇസ്രയേലിലും വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങി. ഫെബ്രുവരി 28-ാം തീയതി ആരംഭിച്ച യുദ്ധം ഇപ്പോഴും അയവില്ലാതെ തുടരുകയാണ്.