ട്രംപ് പറഞ്ഞത് പച്ചക്കള്ളം, സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാന്‍ സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍

സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാന്‍ ഇറാന്‍ സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍. അത്തരത്തിലൊരു ധാരണയോ ചര്‍ച്ചയോ ഉണ്ടായിട്ടില്ലെന്ന് ഇറാനിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാന്‍ ഇറാന്‍ തയ്യാറായതായി ട്രംപ് അവകാശപ്പെട്ടത്. ട്രംപിന്റെ അവകാശവാദങ്ങള്‍ പൂര്‍ണമായും തള്ളി ഇറാന്‍ രംഗത്തെത്തി. ട്രംപിന്റെ അവകാശവാദം നുണയാണെന്നും അത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നുമാണ് ഇറാനിയന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അമേരിക്കയിലേക്കുള്ള ആണവ ഉത്പന്നങ്ങളുടെ കൈമാറ്റത്തെക്കുറിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ആണവ വസ്തുക്കള്‍ അമേരിക്കയ്ക്ക് കൈമാറുന്നതിനെക്കുറിച്ച് ഒരു ഘട്ടത്തിലും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ട്രംപിന്റെ പ്രസ്താവന വെറുമൊരു നുണ മാത്രമാണെന്നും ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും മറ്റൊരു ഇറാന്‍ പ്രതിനിധി അറിയിച്ചു. ഇറാന്റെ നിബന്ധനകള്‍ പൂര്‍ണ്ണമായും അംഗീകരിച്ചാല്‍ മാത്രമേ ചര്‍ച്ചകളുമായി മുന്നോട്ട് പോകൂ എന്നും ടെഹ്‌റാന്‍ വ്യക്തമാക്കി.

ഇറാന്‍ മുന്നോട്ടു വെച്ച വ്യവസ്ഥകള്‍ പൂര്‍ണ്ണമായി പാലിക്കുന്നതിനെ ആശ്രയിച്ചാണ് തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകുകയെന്നും ടെഹ്‌റാനില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് പ്രസിഡന്റിന്റെ അവകാശവാദങ്ങളെ പൂര്‍ണമായും തള്ളുകയാണ് ഇറാനിയന്‍ കേന്ദ്രങ്ങള്‍. ആണവായുധ മോഹം ഉപേക്ഷിക്കുക, ആണവ സാമഗ്രികള്‍ കൈമാറുക എന്നിവയ്ക്ക് പുറമെ ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുക്കാനുമുള്ള വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുമെന്നുമടക്കം ട്രംപ് അവകാശപ്പെട്ടിരുന്നു. സമാധാന കരാര്‍ യാഥാര്‍ഥ്യമായാല്‍ പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ വെച്ച് അത് ഒപ്പിട്ടേക്കുമെന്നും താന്‍ അതില്‍ പങ്കെടുത്തേക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. നിലവിലെ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ നീട്ടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനുള്ളില്‍ തന്നെ ഒരു പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഒരു നിശ്ചിത കാലയളവിലേക്ക് മാത്രമുള്ള നിയന്ത്രണമല്ല, മറിച്ച് ഇറാന്‍ ഒരിക്കലും ആണവായുധം നിര്‍മ്മിക്കില്ലെന്ന ശാശ്വതമായ കരാറാണ് താന്‍ ലക്ഷ്യമിടുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാന്‍ ഈ കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും ആക്രമണം തുടങ്ങുമെന്ന മുന്നറിയിപ്പും അമേരിക്ക നല്‍കിയിട്ടുണ്ട്. വാഷിംഗ്ടണ്‍ ചര്‍ച്ചകളില്‍ വലിയ പുരോഗതി അവകാശപ്പെടുമ്പോള്‍, ഇറാന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നാണ് ടെഹ്‌റാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ മുന്നോട്ടുവെച്ച കര്‍ശനമായ ഉപാധികള്‍ പാലിക്കാതെ ഒരു കരാറിനും തയ്യാറല്ലെന്നാണ് ഇറാന്‍ പറയുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ എന്ന് നടക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ചര്‍ച്ചയ്ക്കുള്ള തീയതി തീരുമാനിച്ചിട്ടില്ലെന്നും ആണവായുധവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഇരു രാജ്യങ്ങളും ചര്‍ച്ചചെയ്തുവരികയാണെന്നും പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇറാനുമായുള്ള തുടര്‍ന്നുള്ള ചര്‍ച്ചകള്‍ ഇസ്ലാമാബാദില്‍ നടക്കുമെങ്കിലും ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് ബുധനാഴ്ച വൈറ്റ് ഹൗസും അറിയിച്ചത്.