ഇറാന്റെ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ല; ഏറ്റുമുട്ടലിന് തയാര്‍; പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍; യുദ്ധം ആസന്നം

ഇറാന്റെ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രയേല്‍. ഇറാന്റെ ഏതു ഭീഷണിയേയും നേരിടാനും ഏറ്റുമുട്ടലിനും തയാറാണെന്ന് ഇസ്രയേല്‍ അറിയിച്ചു. യുദ്ധം ആസന്നമായ സാഹചര്യത്തില്‍ പൗരന്‍മാര്‍ക്ക് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.

ഏപ്രില്‍ ഒന്നിനാണ് ഡമാസ്‌കസിലെ ഇറാന്റെ നയതന്ത്രകാര്യാലയത്തില്‍ വ്യോമാക്രമണം നടത്തി രണ്ടു ജനറല്‍മാരുള്‍പ്പെടെ 12 പേരെ ഇസ്രയേല്‍ വധിച്ചിരുന്നു. ഇതിനു പകരംവീട്ടുമെന്ന് ഇറാനും, അങ്ങനെ സംഭവിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേലും വ്യക്തമാക്കിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.

ഇറാനുമായി സംഘര്‍ഷം രൂക്ഷമായിരിക്കുന്നതിനിടെ വടക്കന്‍, മധ്യ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സേന ആക്രമണം ശക്തമാക്കി. മധ്യ ഗാസയിലെ നുസീറത്തിലെ അഭയാര്‍ഥി ക്യാന്പില്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇറാനിലേക്കും ഇസ്രയേലിലേക്കും ഇന്ത്യ യാത്രാ വിലക്ക് പ്രഖ്യാപിച്ചു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി.
ഇന്ത്യന്‍ യാത്രക്കാര്‍ ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരുമെന്നാണ് അറിയിപ്പ്

ഈ രണ്ട് രാജ്യങ്ങളിലും നിലവില്‍ താമസിക്കുന്നവര്‍ എത്രയും വേഗം എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് സാധ്യതയേറിവരികയാണ്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.