ഞാനെന്‍റെ ഭാര്യയെ കണ്ടുപിടിച്ചു; മലയാളത്തിൽ വിവാഹപ്രതിജ്ഞ ചൊല്ലി ആഫ്രിക്കൻ-അമേരിക്കൻ വരൻ, കണ്ണ് നിറഞ്ഞ് വധു

വിവാഹാ പ്രതിജ്ഞ മലയാളത്തിൽ പറഞ്ഞ് ആഫ്രിക്കൻ‌ -അമേരിക്കൻ വരൻ. അടുത്തിടെ അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ നടന്ന വിവാഹ ചടങ്ങിൽ വരൻ വധുവിനോട് മലയാളത്തിൽ സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയായിൽ വെെറലായി മാറിയിരുന്നു. ജെനോവ ജൂലിയനും, ഡെൻസൺ എ പ്രയറുമാണ് വിവാഹിതരായത്.

മനോഹരമായ വിവാഹ വസ്ത്രത്തിൽ ദമ്പതികൾ അൾത്താരയിൽ നിൽക്കുമ്പോഴായിരുന്നു ഡെൻസണിന്റെ വികാര ഭരിതമായ പ്രസംഗം. മലയാളത്തിലുള്ള തന്റെ പങ്കാളിയുടെ വിവാഹ പ്രതിജ്ഞ കേട്ട് ജെനോവയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും വീഡിയോയിൽ കാണാം.

മലയാളം ഇംഗ്ലീലാക്കി ഫോണിൽ നോക്കിയാണ് വരൻ മലയാളം പറയുന്നത്. അതിഥികൾക്കായി അതിൻറെ ഇംഗ്ലീഷ് അർഥവും വരൻ പറഞ്ഞുകൊടുക്കുന്നുണ്ട്. ഫോണിൽ നോക്കിയാണെങ്കിലും തെറ്റില്ലാതെ വരൻ മലയാളം പറയുന്നുണ്ട്. ഇതു കേട്ട ബന്ധുക്കൾ ആർപ്പുവിളിയോടെയാണ് സ്വീകരിച്ചത്. തൻറെ മാതൃഭാഷ കേട്ട വധു ജെനോവ ജൂലിയൻറെ കണ്ണു നിറയുകയും ചെയ്തു.

ജെനോവ തന്നെയാണ് ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ”എൻറെ ഭർത്താവ് ഞങ്ങളുടെ വിവാഹ പ്രതിജ്ഞയുടെ ഒരു ഭാഗം എൻറെ മാതൃഭാഷയായ മലയാളത്തിൽ പഠിക്കുകയും പറയുകയും ചെയ്തു. ഞാൻ വല്ലാതെ കരഞ്ഞുപോയി” എന്ന അടിക്കുറിപ്പോടെയാണ് ജെനോവ വീഡിയോ പങ്കുവച്ചിരിക്കുന്നത്.