ഹര്‍ദീപ് സിങ് നിജ്ജാര്‍ ഇന്ത്യയില്‍ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; പാകിസ്ഥാനില്‍നിന്ന് രണ്ടാഴ്ച നീണ്ട ആയുധ പരിശീലനം നേടി

കാനഡയില്‍ കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ ഇന്ത്യയില്‍ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. നിജ്ജാറിന് ചെറുപ്പം മുതല്‍ പ്രാദേശിക ഗുണ്ടകളുമായി ബന്ധമുണ്ടായിരുന്നതായും 1980കള്‍ മുതല്‍ ഇയാള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായുമുള്ള രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്.

പഞ്ചാബിലെ ജലന്ധറിലെ ഭാര്‍ സിംഗ് പുര ഗ്രാമത്തിലെ താമസക്കാരനായ ഹര്‍ദീപ് സിംഗിനെ ഗുര്‍നേക് സിംഗാണ് കുറ്റകൃത്യങ്ങളിലേക്ക് നയിച്ചത്. പഞ്ചാബില്‍ ഇയാള്‍ നിരവധി കൊലപാതകങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 1996ല്‍ ആയിരുന്നു നിജ്ജാര്‍ വ്യാജ പാസ്‌പോര്‍ട്ടുമായി കാനഡയിലേക്ക് കുടിയേറുന്നത്. ആദ്യ കാലങ്ങളില്‍ ഇയാള്‍ കാനഡയില്‍ ട്രക്ക് ഡ്രൈവറായി ജോലി നോക്കി. തുടര്‍ന്ന് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനത്തിനും ആയുധങ്ങള്‍ക്കുമായി നിജ്ജാര്‍ പാകിസ്ഥാനിലേക്ക് കടന്നു.

തിരികെ കാനഡയിലെത്തിയ ശേഷം മയക്കുമരുന്നും ആയുധങ്ങളും കടത്തുന്ന കൂട്ടാളികളിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ തുടങ്ങിയിരുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെടിഎഫ് തലവന്‍ ജഗ്തര്‍ സിംഗ് താരയുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിജ്ജാര്‍ 2012ല്‍ പാകിസ്ഥാനിലെത്തി രണ്ടാഴ്ചയോളം ആയുധ പരിശീലനം നേടി. ഇയാള്‍ ജഗ്തര്‍ സിംഗ് താരയുമായി ചേര്‍ന്ന പഞ്ചാബില്‍ ആക്രമണം നടത്താനും പദ്ധതിയിട്ടിരുന്നു.

ഇത് കൂടാതെ 2041ല്‍ ഹരിയാനയിലെ സിര്‍സയിലെ ദേര സച്ച സൗധ ആസ്ഥാനത്ത് ഭീകരാക്രമണത്തിനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഖാലിസ്ഥാന്‍ നേതാവിന് ഇന്ത്യയിലെത്താന്‍ സാധിക്കാത്തതിനാല്‍ മുന്‍ ഡിജിപി മുഹമ്മദ് ഇസ്ഹാര്‍ ആലം, പഞ്ചാബ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ശിവസേന നേതാവ് എന്നിവരെ വധിക്കാന്‍ നിജ്ജാര്‍ അനുയായികളോട് നിര്‍ദ്ദേശിച്ചിരുന്നതായും മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.